യുവതിയുടെ അധാർ കാർഡ് ദുരുപയോഗം ചെയ്ത് വായ്പ; സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റിൽ
text_fieldsകായംകുളം: യുവതിയുടെ അധാർ കാർഡ് ദുരുപയോഗം ചെയ്ത് വായ്പ എടുത്ത സംഭവത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റിൽ. വള്ളികുന്നം കാമ്പിശേരി ജങ്ഷനിൽ വീടിനോട് ചേർന്നുള്ള അർച്ചന ഫൈനാൻസിയേഴ്സ് ഉടമ വിജയനാണ് (72) അറസ്റ്റിലായത്.
താളീരാടി കോതകരക്കുറ്റിയിൽ കോളനിയിലെ എസ്.ആർ. അഞ്ജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പണയം വെക്കാനായി ഇവർ നൽകിയ ആധാർ കാർഡിെൻറ പകർപ്പ് ദുരുപയോഗം ചെയ്ത് ചൂനാട് കാത്തലിക് സിറിയൻ ബാങ്കിൽ നിന്നും സ്വർണ പണയത്തിൽ പണം വാങ്ങിയതാണ് പ്രശ്നമായത്.
സ്വർണ ഉരുപ്പടി തിരികെ എടുക്കണമെന്ന് കാണിച്ച് അഞ്ജുവിന് ബാങ്കിൽ നിന്നും നോട്ടീസ് ലഭിച്ചതാണ് സംഭവം പുറത്തറിയാൻ കാരണമായത്. കൂടുതൽ അന്വേഷണത്തിൽ ഇവരുടെ പേരിൽ നിരവധി തവണ ഇടപാട് നടത്തി ലക്ഷങ്ങൾ വായ്പ വാങ്ങിയതായി കണ്ടെത്തിയിരുന്നു.
ആധാർ കാർഡ് ഉപയോഗിച്ച് അക്കൗണ്ടില്ലാതെ രണ്ട് ലക്ഷം രൂപ വരെ വായ്പ എടുക്കാമെന്ന ബാങ്ക് വ്യവസ്ഥയാണ് ഇയാൾ ദുരുപയോഗം ചെയ്തത്. പണയ ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരിയാണ് അഞ്ജു എന്ന് ബാങ്ക് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. പരാതിയെ തുടർന്ന് സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ രേഖകളും കണ്ടെത്തിയിരുന്നു. തുടർന്ന് ഒളിവിൽ പോയ വിജയൻ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും പൊലിസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു.