ഭർത്താവ് കടം വാങ്ങിയ തുക മടക്കി നൽകിയില്ല, യുവതിയെ മരത്തിൽ കെട്ടിയിട്ട് ടി.ഡി.പി പ്രവർത്തകൻ; ക്രൂരത ചിറ്റൂരിൽ
text_fieldsനാരായണപുരം: കടം വാങ്ങിയ പണം തിരിച്ചുനൽകാത്തതിന് യുവതിയെ മരത്തിൽ കെട്ടിയിട്ട് പരസ്യമായി അധിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് ഈ ദാരുണ സംഭവം.
സിരിഷക്കാണ് (25) ദുരനുഭവമുണ്ടായത്. ഇവരുടെ ഭർത്താവ് തിമ്മരയപ്പ മൂന്നു വർഷം മുമ്പ് മുനികണ്ണപ്പ എന്ന വ്യക്തിയിൽനിന്ന് 80,000 രൂപ കടം വാങ്ങിയിരുന്നു. അവധി കഴിഞ്ഞിട്ടുംപണം തിരിച്ചുനൽകാനാകാതെ വന്നതോടെ ഇദ്ദേഹം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് നാടുവിട്ടു. ഇതോടെ വായ്പ തിരിച്ചടവ് സിരിഷയുടെ ബാധ്യതയായി. കൂലിപ്പണിക്ക് പോയാണ് പിന്നീട് യുവതി മക്കളെ നോക്കിയിരുന്നതും വായ്പ ഘട്ടംഘട്ടമായി കൊടുത്തിരുന്നതും.
പലപ്പോഴും പണം കൊടുക്കാൻ വൈകിയതിനാൽ മുനികണ്ണപ്പ യുവതിയെയും മക്കളെയും പരസ്യമായി അധിക്ഷേപിക്കുന്നത് പതിവായിരുന്നു. തിങ്കളാഴ്ച മകനൊപ്പം റോഡിലൂടെ നടന്നുപോകുന്നതിനിടെ യുവതിയെ മുനികണ്ണപ്പ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നാലെ യുവതിയെ ബലമായി സമീപത്തെ മരത്തിൽ കെട്ടിയിട്ടു. സംഭവം തടയാൻ ശ്രമിച്ചവരെയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചവരെയും മുനികണ്ണപ്പ തടയുകയും മർദിക്കുകയും ചെയ്തു.
ഗ്രാമീണർ കുപ്പം പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തിയാണ് യുവതിയെ മോചിപ്പിച്ചത്. ടി.ഡി.പി പ്രവർത്തകനായ ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരത്തിൽ കെട്ടിയിട്ട യുവതിയുടെയും സമീപത്ത് ഇരിക്കുന്ന കുട്ടിയുടെയും ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. വിവാദമായതോടെ പൊലീസിനോട് കർശന നടപടി സ്വീകരിക്കാൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിർദേശം നൽകി. മുഖ്യമന്ത്രി ജില്ല പൊലീസ് മേധാവിയെ ഫോണിൽ വിളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

