മകളുടെ മുന്നിൽ യുവാവ് രണ്ടാം ഭാര്യയെ കുത്തിക്കൊന്നു; പൊലീസിൽ കീഴടങ്ങി
text_fieldsബംഗളൂരു: രണ്ടാം ഭാര്യയെ അവരുടെ മകളുടെയും ആൾക്കൂട്ടത്തിന്റെയും മുന്നിൽ യുവാവ് വെട്ടിക്കൊന്നു. കൃത്യം ചെയ്ത ശേഷം പ്രതി തുമകൂരു സിറ പട്ടണം സ്വദേശി ലോകേഷ് (43) പൊലീസിൽ കീഴടങ്ങി.
കൊല്ലപ്പെട്ട ഹാസൻ ചന്നരായപട്ടണ സ്വദേശി രേഖയുടെ(34) ദേഹത്ത് 11 മുറിവുകളുണ്ട്. കൊലപാതക കുറ്റത്തിന് കേസെടുത്തതായി ബംഗളൂരു വെസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമീഷണർ എസ്. ഗിരീഷ് പറഞ്ഞു.
സംഭവത്തെ കുറിച്ച് കാമാക്ഷി പാളയം പൊലീസ് പറയുന്നതിങ്ങനെ: വിവാഹമോചിതയും രണ്ട് പെൺമക്കളുടെ മാതാവുമായ രേഖ അടുത്തിടെ ലോകേഷിനെ വിവാഹം കഴിച്ചിരുന്നു. അയാളുടേയും രണ്ടാം വിവാഹമായിരുന്നു. സ്വകാര്യ കമ്പനി ജീവനക്കാരിയായ രേഖ ഇളയ മകളെ മാതാപിതാക്കൾക്കൊപ്പവും മൂത്തവളെ കൂടെയും നിർത്തി. ലോകേഷ് മൂത്ത മകളേയും പറഞ്ഞയക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും രേഖ വിസമ്മതിച്ചു.
അതിനിടെ, രേഖക്ക് തന്റെ ജോലിസ്ഥലത്ത് അവിഹിത ബന്ധമുണ്ടെന്ന് ലോകേഷ് സംശയിച്ചു. ബംഗളൂരു സുങ്കടകട്ടെക്ക് സമീപം ബസ് സ്റ്റോപ്പിൽ രേഖ നിൽക്കുമ്പോൾ, ലോകേഷ് മകളുടെ മുന്നിൽവെച്ച് നെഞ്ചിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും 11 തവണ കുത്തുകയായിരുന്നു. സമീപത്തുള്ളവർ തടയാൻ ശ്രമിച്ചെങ്കിലും അവരെ ഭീഷണിപ്പെടുത്തി. പിന്നീട് അക്രമി കത്തി ആൾക്കൂട്ടത്തിന് നേരെ എറിഞ്ഞ് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
കാബ് ഡ്രൈവറായ ലോകേഷും രേഖയും ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ സുഹൃത്തുക്കൾ വഴിയാണ് കണ്ടുമുട്ടിയത്. ഒന്നര വർഷമായി ലിവ്-ഇൻ ടുഗദർ ബന്ധത്തിലായിരുന്ന ഇവർ അടുത്തിടെയാണ് വിവാഹം കഴിച്ചത്. സുങ്കടകട്ടെയിൽ വാടക വീട്ടിലാണ് താമസം. അവിടെ രേഖയുടെ മൂത്ത മകളെച്ചൊല്ലി ലോകേഷ് ഇടക്കിടെ വഴക്കുണ്ടാക്കിയിരുന്നു. തുടർന്ന് രേഖ മകളുമായി വീട് വിട്ടതിൽ പ്രകോപിതനായാണ് ലോകേഷ് കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

