പാതിവ്രത്യം തെളിയിക്കാൻ തിളച്ച എണ്ണയില്‍ കൈമുക്കി; ഭര്‍തൃകുടുംബത്തിന്റെ ക്രൂരതയില്‍ യുവതിക്ക് ഗുരുതര പരിക്ക്
text_fieldsഅഹ്മദാബാദ്: പതിവ്രതയെന്ന് തെളിയിക്കാന്‍ യുവതിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി ഭര്‍ത്താവിന്റെ കുടുംബം. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലാണ് സംഭവം. ഭര്‍തൃവീട്ടിലെ ക്രൂരതയില്‍ 30 വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. ഭര്‍ത്താവിന്റെ സഹോദരിയും മറ്റ് മൂന്ന് പേരും ചേര്‍ന്നാണ് യുവതിയെ ക്രൂരമായി ഉപദ്രവിച്ചത്. സംഭവത്തില്‍ വിജാപൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
യുവതിയുടെ ഭര്‍ത്താവിന്റെ സഹോദരി ജമുന താക്കൂര്‍, ജമുനയുടെ ഭര്‍ത്താവ് മനുഭായ് താക്കൂര്‍, മറ്റ് രണ്ട് പേര്‍ ചേർന്നാണ് യുവതിയോട് ക്രൂരത കാട്ടിയത്. സെപ്റ്റംബര്‍ 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവതി പതിവ്രതയല്ലെന്ന ഭര്‍ത്താവിന്റെ സഹോദരിയുടെ സംശയമാണ് പ്രാകൃത നടപടിയിലേക്ക് നയിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദിനേശ് സിങ് ചൗഹാൻ പറയുന്നു. സംശയം ദൂരീകരിക്കാന്‍ വേണ്ടിയാണ് ജമുനയും ഭര്‍ത്താവും മറ്റ് രണ്ട് പുരുഷന്മാരും ചേര്‍ന്ന് യുവതിയെ പരീക്ഷണത്തിന് വിധേയയാക്കിയത്. പതിവ്രതയാണെങ്കില്‍ പൊള്ളലേല്‍ക്കില്ലെന്ന് യുവതിയെ ഇവര്‍ വിശ്വസിപ്പിച്ചിരുന്നു എന്നും അധികൃതര്‍ പറയുന്നു.
ഗുജറാത്തിലെ മെഹ്‌സാന മേഖലയിലെ വിജാപൂര്‍ ഗെരിറ്റ ഗ്രാമത്തില്‍ നടന്ന സംഭവത്തിന്റെ വിഡിയോ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. ഒരു സ്ത്രീയുള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് യുവതിയുടെ കൈ എണ്ണയില്‍ മുക്കാന്‍ ശ്രമിക്കുന്നതാണ് വിഡിയോയിലുള്ളത്. തുടര്‍ന്ന് യുവതി എണ്ണയില്‍ കൈ തൊടുന്നതും പൊള്ളലേറ്റ് അതിവേഗം കൈവലിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കൈയിലും ഒരു കാലിലും ഗുരുതരമായ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന യുവതി അടുത്ത ദിവസം പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവത്തിന്‍റെ സത്യാവസ്ഥ പുറംലോകം അറിഞ്ഞത്.
ഞാൻ നിലവിളിച്ചപ്പോൾ അവർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത പ്രകാരം ആക്രമണം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, സ്വമേധയാ ഗുരുതരമായി പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി വിജാപൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

