'കുഞ്ഞിന്റെ 28 കഴിഞ്ഞപ്പോൾ കട്ടിലിൽനിന്ന് ചവിട്ടി താഴെയിട്ടു, ഭക്ഷണം പട്ടിക്ക് നൽകി'; പെൺകുഞ്ഞുണ്ടായതിന്റെ പേരിൽ ഭർത്താവിൽനിന്നേറ്റത് ക്രൂരമർദനമെന്ന് യുവതി
text_fieldsകോലഞ്ചേരി: അങ്കമാലിയിലെ ഭർതൃഗൃഹത്തിൽ പെൺകുഞ്ഞുണ്ടായതിന്റെ പേരിൽ ക്രൂരമർദനവും അവഹേളനവും ഏറ്റുവാങ്ങേണ്ടി വന്നതായി യുവതി. ബുധനാഴ്ച പുത്തൻകുരിശ് വരിക്കോലിയിലെ വീട്ടിൽ മാധ്യമങ്ങൾക്കു മുന്നിലാണ് തനിക്കേറ്റ മർദനങ്ങളുടെ തെളിവുകൾ നിരത്തി സംസാരിച്ചത്.
2021ൽ കുഞ്ഞ് ജനിച്ചതുമുതലാണ് ഭർത്താവിൽനിന്ന് ഉപദ്രവം നേരിട്ടത്. കുഞ്ഞ് ജനിച്ച് 28 കഴിഞ്ഞപ്പോൾ കട്ടിലിൽനിന്ന് ചവിട്ടി താഴെയിട്ടു. കുട്ടിയുടെ ഭാവിയോർത്ത് മർദനത്തെക്കുറിച്ച് ആദ്യമൊന്നും പുറത്തുപറഞ്ഞില്ല. തലക്ക് അടിയേറ്റ് ചോരവാർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും കട്ടിലിൽനിന്ന് വീണതാണെന്ന് പറഞ്ഞത് അതുകൊണ്ടാണ്. ഓരോ തവണ തല്ലു കിട്ടുമ്പോഴും കാലുപിടിച്ച് മാപ്പപേക്ഷിച്ചിരുന്നു. ഭർത്താവിന്റെ അന്ധവിശ്വാസം അസഹ്യമായിരുന്നു.
കൂടോത്രം ചെയ്‌തെന്നുപറഞ്ഞ് വീട്ടിൽനിന്ന് കൊണ്ടുവരുന്ന ഭക്ഷ്യ വസ്തുക്കൾപോലും യുവതിക്ക് നൽകാതെ പട്ടിക്ക് നൽകി. സ്ത്രീധനം കുറഞ്ഞെന്നും അച്ഛനോട് കൂടുതൽ പണം വാങ്ങിക്കൊണ്ടുവരാനും ആവശ്യപ്പെട്ടു. യുവതിയുടെ വീട്ടുകാരെ മോശക്കാരായി ചിത്രീകരിക്കുന്നത് ഭർത്താവ് പതിവാക്കിയിരുന്നുവെന്നും യുവതി പറഞ്ഞു. വീട്ടുകാരുമായി സംസാരിക്കാതിരിക്കാൻ ഫോണും സിമ്മും വെള്ളത്തിലിട്ട് നശിപ്പിച്ചു.
മകളെ കൊന്ന് കിണറ്റിലിട്ടാൽ ആരും ചോദിക്കില്ലെന്നു പറഞ്ഞത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും യുവതിയുടെ പിതാവ് പറഞ്ഞു. യുവതിയുടെ പരാതിയിൽ ഭർത്താവ് ഗിരീഷിനെതിരെ അങ്കമാലി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

