ഫരീദാബാദിൽ ഓടുന്ന വാനിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ റോഡിൽ തള്ളി
text_fieldsപ്രതീകാത്മക ചിത്രം
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ യുവതിയെ ഓടുന്ന വാനിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം വാഹനത്തിൽ നിന്നും റോഡിലേക്ക് തള്ളിയിട്ടു. 28 വയസുകാരിയെ രണ്ട് യുവാക്കൾ ചേർന്ന് രണ്ട് മണിക്കൂറോളം ബലാത്സംഗം ചെയ്ത ശേഷം ചൊവ്വാഴ്ച പുലർച്ചെയാണ് ഓടുന്ന വാഹനത്തിൽ നിന്നും റോഡിലേക്ക് തള്ളിയിട്ടത്. യുവതി എതിർക്കാൻ ശ്രമിച്ചെങ്കിലും പ്രതികൾ ഭീഷണിപ്പെടുത്തുകയും ബലാത്സംഗം തുടരുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുലർച്ചെ മൂന്ന് മണിയോടെ എസ്.ജി.എം നഗറിലെ രാജാ ചൗക്കിന് സമീപത്തുവെച്ചാണ് യുവതിയെ വാനിൽ നിന്നും റോഡിലേക്ക് പ്രതികൾ തള്ളിയിട്ടത്.
തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് പോകാനായി വാഹനം കാത്തുനിൽക്കുകയായിരുന്നു യുവതി. ഈ സമയം വാനിലെത്തിയ രണ്ട് യുവാക്കൾ വീട്ടിൽ വിടാമെന്ന് വാഗ്‌ദാനം ചെയ്ത് യുവതിയെ വാനിൽ കയറ്റുകയായിരുന്നു. എന്നാൽ വാഹനം വീട്ടിലേക്കുള്ള വഴിയിൽ നിന്നും ഗുഡ്ഗാവ് റോഡ് ലക്ഷ്യമാക്കി തിരിച്ചുവിടുകയും ഏകദേശം രണ്ടര മണിക്കൂറോളം യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.
റോഡിലേക്ക് വീണ യുവതിയുടെ മുഖത്ത് ആഴത്തിലുള്ള മുറിവുകളേറ്റിട്ടുണ്ട്. അബോധാവസ്ഥയിലായിരുന്നു യുവതി പിന്നീട് സഹോദരിയെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയും തുടർന്ന് ബന്ധുക്കൾ ഉടൻ തന്നെ സ്ഥലത്തെത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. യുവതിയുടെ മുഖത്ത് ചെറുതും വലുതുമായി പത്തോളം മുറിവുകളുണ്ട്. നിലവിൽ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ് ബലാത്സംഗത്തിന് ഇരയായ 28 വയസുകാരി. നിലവിൽ ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു ഇവർ. സംഭവത്തിൽ രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാനും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. യുവതി മാനസികമായ ആഘാതത്തിൽ നിന്നും മുക്തയാകാത്തതിനാൽ പൊലീസ് ഔദ്യോഗികമായി ഇതുവരെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

