യുവതിയെ കനാലിൽ തള്ളിയിട്ട് കൊന്നു; യുവാവും പിതാവും അറസ്റ്റിൽ
text_fieldsബംഗളൂരു: ശിവമൊഗ്ഗ ജില്ലയിലെ ഭദ്ര കനാലിലേക്ക് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്തിയതായി പരാതി. രണ്ടാം വർഷ ബിരുദ വിദ്യാർഥിനി സ്വാതിയാണ് (19) കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസി സൂര്യയെയും (20) പിതാവ് സ്വാമിയേയും (50) ശിവമോഗ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പറയുന്നതിങ്ങനെ: സൂര്യയും സ്വാതിയും ഇഷ്ടത്തിലായിരുന്നു. പഠനം പൂർത്തിയാവാതെയുള്ള വിവാഹത്തിന് സ്വാതിയുടെ വീട്ടുകാർ വിസമ്മതിച്ചിരുന്നു. താനും സ്വാതിയും ഭദ്ര കനാലിൽ ആത്മഹത്യ ചെയ്യാൻ ചാടിയെന്നാണ് സൂര്യയുടെ മൊഴി.
എന്നാൽ, ഒരു മരത്തടിയുടെ സഹായത്തോടെ താൻ കനാലിൽനിന്ന് കരകയറി. പക്ഷേ, സ്വാതി മരിച്ചു. സൂര്യ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്. അയൽവാസികളായ ഇവർ മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. അതേസമയം സൂര്യയാണ് സ്വാതിയെ കൊലപ്പെടുത്തിയതെന്ന് സ്വാതിയുടെ കുടുംബം ആരോപിച്ചു. വിദ്യാഭ്യാസം പൂർത്തിയാക്കുന്നതുവരെ വിവാഹം കഴിപ്പിക്കേണ്ടതില്ലെന്ന് വീട്ടുകാർ തീരുമാനിച്ചതിനാൽ, ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. കനാലിലേക്ക് കൊണ്ടുപോയി അതിലേക്ക് തള്ളിയിടുകയായിരുന്നെന്നാണ് സ്വാതിയുടെ കുടുംബത്തിന്റെ പരാതി".
‘ഞങ്ങളുടെ മകൾ സഹ്യാദ്രി കോളജിൽ ബിരുദ രണ്ടാം വർഷത്തിൽ പഠിക്കുകയായിരുന്നു. പ്രതി സൂര്യ ഫോണിലൂടെ അവളെ ശല്യപ്പെടുത്തുകയും വിവാഹം കഴിക്കാൻ സമ്മതിച്ചില്ലെങ്കിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്വാതിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ അയാൾ കൈ മുറിച്ച്, പിന്തുടർന്ന് അവളെ ബലമായി കനാലിനടുത്തേക്ക് കൊണ്ടുപോയി കൊന്നു.’-സ്വാതിയുടെ ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
കൃത്യം നടത്തിയ ശേഷം സൂര്യ, താനും കനാലിലേക്ക് ചാടിയതായി നടിക്കുകയും വിഷം കഴിച്ചതായി സൂചിപ്പിക്കുന്ന ഒരു രംഗം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തെന്നും അവർ ആരോപിച്ചു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

