ബിഹാറിൽ വീണ്ടും സ്ത്രീക്ക് നേരെ അതിക്രമം; വഴിയിൽ തടഞ്ഞ് യുവതിയെ അപമാനിച്ചു, ഒരാഴ്ചക്കിടെ മൂന്നാമത്തെ സംഭവം
text_fieldsപട്ന: ബിഹാറിൽ വീണ്ടും സ്ത്രീക്കെതിരെ അക്രമം. വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയ യുവതിയോട് ഒരു സംഘം യുവാക്കൾ അപമര്യാദയായി പെരുമാറുകയും ഒപ്പമുണ്ടായിരുന്ന യുവാവിനെ ചെരിപ്പുകൊണ്ട് മർദിക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ബാങ്ക ജില്ലയിലെ മന്ദാർ ഹില്ലിലാണ് സംഭവം. ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒരാഴ്ചയ്ക്കിടെ ബിഹാറിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സമാന സംഭവമാണിത്. വീഡിയോയിൽ ഒരു സംഘം യുവാക്കൾ യുവതിയോട് അപമര്യാദയായി പെരുമാറുന്നതും അവരെ ചെരിപ്പുകൊണ്ട് ആക്രമിക്കുന്നതും കാണാം. സംഘത്തിലെ ഒരാൾ യുവതിയെ ഭീഷണിപ്പെടുത്തുന്നതായും കാണുന്നുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെയാണ് ബൗൻസി പൊലീസ് സംഭവത്തെക്കുറിച്ചറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മന്ദാർ ഹില്ലിൽ അക്രമം നടന്നതെന്ന് കണ്ടെത്തിയത്. പ്രദേശത്തെ കടയുടമകളെയും നിവാസികളെയും പൊലീസ് ചോദ്യം ചെയ്തു. സംഭവത്തിൽ പ്രതികൾക്കെതിരെ ബി.എൻ.എസിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്ച സമസ്തിപൂരിൽ കൗമാരക്കാരിയായ പെൺകുട്ടിയെയും ഒരു യുവാവിനെയും ഉപദ്രവിക്കുന്നതിന്റെ യുവാക്കളുടെ വീഡിയോ പുറത്തുവന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. വീഡിയോയിൽ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതും കൈകളിൽ പിടിച്ചുവലിക്കുന്നതും അവൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അശ്ലീല പരാമർശങ്ങളും മറ്റും നടത്തുന്നതും കാണാം. ഇരയെ തിരിച്ചറിയാനോ കണ്ടെത്താനോ കഴിഞ്ഞിട്ടില്ലാത്തതിനാൽ പൊലീസ് സ്വമേധയാ കേസെടുത്താണ് അന്വേഷണം ആരംഭിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 16ന് ഒരു പത്താം ക്ലാസ് വിദ്യാർഥിനിയെയും സുഹൃത്തിനെയും ഒരു സംഘം യുവാക്കൾ ലൈംഗികമായി ഉപദ്രവിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. പിന്നാലെ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

