Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദീപാവലിക്ക് നാട്ടിലെത്തിയ യുവതി വനത്തിൽ കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ

text_fields
bookmark_border
Varsha Turkar
cancel

മുംബൈ: മഹാരാഷ്ട്ര-മധ്യപ്രദേശ് അതിർത്തിയിൽ ദീപാവലി ആഘോഷിക്കാനെത്തിയ യുവതിയെ വനത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ ഗൊണ്ടിയ ജില്ലയിലെ ബോൺഡ്രാനി വനമേഖലയിലാണ് 35കാരിയായ വർഷ തുർക്കറുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

രണ്ടര വയസ്സുള്ള മകൾക്കൊപ്പമാണ് വർഷ ദീപാവലി ആഘോഷിക്കാനായി മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലുള്ള മാതാവിന്റെ വീട്ടിലെത്തിയത്. 2024ലായിരുന്നു ഇവരുടെ വിവാഹം. ഭർത്താവ് ഇൻഡോറിലാണ് താമസം. പൊലീസിന്റെ വിവരപ്രകാരം, ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ സുഹൃത്തായ നിതേഷ് അഗർവാളിനൊപ്പം വർഷ വെയ്ൻഗംഗ നദിക്കരയിലേക്ക് പോയിരുന്നു. എന്നാൽ, ഏതാനും മണിക്കൂറുകൾക്കുശേഷം വർഷയ്ക്ക് അത്യാഹിതം സംഭവിച്ചതായി അറിയിച്ച് നിതേഷ് കുടുംബത്തെ ഫോണിൽ ബന്ധപ്പെട്ടു.

വിവരമറിഞ്ഞ് ബന്ധുക്കൾ ബോൺഡ്രാനി വനമേഖലയിലെത്തിയപ്പോഴാണ് കടുത്ത രക്തസ്രാവത്തോടെ വർഷയെ കണ്ടെത്തിയത്. ഉടൻ തന്നെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും വൈകിട്ട് ഏഴുമണിയോടെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കൂർത്ത ആയുധം കൊണ്ടുള്ള ആക്രമണമാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം, മുഖംമൂടി ധരിച്ചെത്തിയ ചിലർ തങ്ങളെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തെന്നാണ് നിതേഷ് പൊലീസിന് മൊഴി നൽകിയത്. എന്നാൽ, ആക്രമണത്തിൽ നിതേഷിന് പരിക്കുകളൊന്നും ഏൽക്കാത്തത് പൊലീസിൽ സംശയമുണ്ടാക്കി. ഇയാളുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളും സംശയം വർധിപ്പിച്ചതോടെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി നിതേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൊലപാതകത്തിന് പിന്നിലെ കാരണം, കൊള്ളയടിക്കപ്പെട്ടുവെന്ന നിതേഷിന്റെ അവകാശവാദത്തിലെ ദുരൂഹത, അക്രമികൾ ഉണ്ടെങ്കിൽ അവരെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്നാണ് പൊലീസ് അറിയിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായും പൊലീസ് കാത്തിരിക്കുകയാണ്. സംഭവത്തിൽ ബന്ധുക്കളെയും മറ്റ് സാക്ഷികളെയും ചോദ്യം ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Woman Found Murdered in Maharashtra Forest
Next Story