യുവതിയെ ക്രൂരമായി മർദിച്ച് സഹോദരനും ഭാര്യയും; മാലമോഷണക്കഥയുടെ ചുരുളഴിച്ച് പൊലീസ്
text_fieldsകൊച്ചി: സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. എന്നാൽ, മോഷണം പോയെന്ന് സഹോദരൻ അവകാശപ്പെട്ട മാല പിന്നീട് വീട്ടിലെ കട്ടിലിനടിയിൽ നിന്ന് കണ്ടെത്തിയെങ്കിലും ഇത് മുക്കുപണ്ടം ആണെന്ന് വ്യക്തമായി. ഇതോടെ ആരോപണം വ്യാജമെന്നും തെളിഞ്ഞു.
പറവൂർ നന്ദികുളങ്ങരയിലെ വീട്ടിൽ വെച്ച് യുവതിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആലങ്ങാട് സ്വദേശിയായ യുവതിയാണ് മർദനത്തിന് ഇരയായത്. സഹോദരൻ ജയ്സൺ, ഭാര്യ എന്നിവർക്കെതിരെ പറവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയെ ഇരുവരും ചേർന്ന് ക്രൂരമായി മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
സഹോദരിക്ക് നൽകാനുള്ള ഒരു ലക്ഷം രൂപ തിരികെ നൽകാതിരിക്കാൻ വേണ്ടി യുവാവ് ബോധപൂർവം കെട്ടിച്ചമച്ച വ്യാജ പരാതിയായിരുന്നു മോഷണക്കഥയെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ പകയിലാണ് മാല മോഷ്ടിച്ചെന്ന കള്ളക്കഥ ഉണ്ടാക്കി ജയ്സണും ഭാര്യയും ചേർന്ന് യുവതിയെ ക്രൂരമായി മർദിച്ചത്.
അതേസമയം, ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം. ഇതു സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തും.
മർദനത്തിനു മുമ്പ് യുവതിയുടെ മൊബൈല് ഫോണ് സഹോദരൻ തറയിലേക്ക് വലിച്ചെറിയുന്നുണ്ട്. തല ചുമരിലിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തു വന്നു. സഹോദരന്റെ ഭാര്യ ചൂല് കൊണ്ട് ശരീരം മുഴുവൻ അടിക്കുകയും ചെയ്യുന്നുണ്ട്.
വീട്ടില് ആരുമില്ലാത്ത സമയത്താണ് ഉപദ്രവിച്ചതെന്നാണ് യുവതി പറയുന്നത്. തനിക്ക് ഭ്രാന്താണെന്നാണ് സഹോദരനും ഭാര്യയും പൊലീസിനോട് പറഞ്ഞതെന്നും പരാതിയിലുണ്ട്.
യുവതിയും സഹോദരനും തമ്മിൽ ദീർഘനാളായി കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് സഹോദരിയുടെ പേരിൽ മോഷണക്കഥയുമായി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

