കർണാടകയിൽ യുവതിയെ തലക്കടിച്ചു കൊന്നു; ഒന്നര വയസ്സുള്ള കുഞ്ഞിനെ മൃതദേഹത്തിൽ കിടത്തി കൊലയാളി കടന്നു കളഞ്ഞു
text_fieldsകർണാടകയിലെ റായ്ച്ചൂർ ജില്ലയിൽ സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി. കല്ലുകൊണ്ട് തലക്ക് അടിച്ചു കൊന്നതായാണ് പൊലീസ് പറയുന്നത്. കൃത്യത്തിനു ശേഷം പ്രതി സ്ത്രീയുടെ ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിനെ അവരുടെ ശരീരത്തിൽ കിടത്തി കടന്നുകളയുകയായിരുന്നു.
സിന്ദനൂർ ഉപജില്ലയിലെ ആർ.എച്ച് ക്യാമ്പ് നാലിലെ താമസക്കാരിയായ 25കാരി സ്നേഹയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സമീപത്തെ വയലിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മയുടെ ശരീരത്തിൽ കരഞ്ഞുകൊണ്ട് കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. ഉടനെ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ സ്നേഹക്ക് ജീവനുണ്ടായിരുന്നെന്നും ചികിത്സക്കിടെയാണ് മരണപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.
പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സ്നേഹയുടെ ഭർത്താവയ അമിത്തിനെയും കാമുകനെന്ന് സംശയിക്കുന്ന ശുഭം എന്ന വ്യക്തിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്നേഹയുടെ വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. ഇവർക്ക് ശുഭവുമായി നാല് മാസമായി വിവാഹേതര ബന്ധമുണ്ടെന്നാണ് പറയുന്നത്. കൊലപാതകി ആരെന്നോ, കൊലപാതകത്തിനു പിന്നിലെ കാരണമെന്താണെന്നോ പൊലീസ് കണ്ടെത്തിയിട്ടില്ല. ഇരുവരെയും ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

