ക്ഷേത്രത്തിൽ വെച്ച് മകളെ കഴുത്തിൽ വെട്ടി നരബലി നൽകാൻ ശ്രമിച്ച മാതാവ് അറസ്റ്റിൽ
text_fieldsബംഗളൂരു: മകളെ നരബലി നൽകാൻ ശ്രമിച്ച മാതാവ് അറസ്റ്റിൽ. അനേക്കലിൽ താമസിക്കുന്ന സരോജമ്മയാണ് (55) മകൾ രേഖയെ (25) വെട്ടി ബലി കൊടുക്കാൻ ശ്രമിച്ചത്.
ബംഗളൂരു തനിസാന്ദ്ര മെയിൻ റോഡിന് സമീപം അഗ്രഹാര ലേഔട്ടിലെ ഹരിഹരേശ്വര ക്ഷേത്രത്തിൽ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴുത്തിനുപിന്നിൽ വെട്ടേറ്റ മകളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇരുവരും ബുധനാഴ്ച രാവിലെ നാലരയോടെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയിരുന്നു. പ്രാർഥിച്ച് കഴിഞ്ഞ ശേഷമാണ് സരോജമ്മ മകളെ പിന്നിൽനിന്ന് അരിവാൾ കൊണ്ട് വെട്ടിയത്. രേഖയുടെ നിലവിളികേട്ട് ആളുകൾ ഓടിക്കൂടി. ഇവർ സരോജമ്മയെ പിടിച്ചുമാറ്റി.
ജ്യോതിഷിയുടെ നിർദേശപ്രകാരമാണ് മകളെ നരബലിനൽകാൻ സരോജമ്മ തീരുമാനിച്ചതെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.
രേഖയും ഭർത്താവും സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. കഴിഞ്ഞദിവസം വീട്ടിൽവന്ന മകളുമായി സരോജമ്മ ക്ഷേത്രത്തിലെത്തുകയായിരുന്നു. ദാമ്പത്യപ്രശ്‌നങ്ങളിൽ നിന്ന് മോചനം നേടുന്നതിനായി അമ്മയും മകളും അടുത്തിടെ പ്രത്യേക പ്രാർഥനകൾ നടത്തിയിരുന്നു. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.
അനേക്കൽ സ്വദേശിയായ നെയ്ത്തുതൊഴിലാളിയായ ഭർത്താവിനൊപ്പമാണ് രേഖ താമസിച്ചിരുന്നത്. അമ്മ സാമ്പിഗെഹള്ളിയിൽ പ്രായമായ ഭർത്താവിനൊപ്പമാണ് താമസിക്കുന്നത്. ഭർത്താവുമായുള്ള തർക്കങ്ങൾ കാരണം മകൾ ഇടക്കിടെ മാതാവിന്‍റെ വീട്ടിൽ പോയി താമസിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ദാമ്പത്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി മാതാവും മകളും പ്രത്യേക പൂജകൾ നടത്തിയിരുന്നു.
ഇവർ കണ്ട ജ്യോതിഷി ശുഭസമയത്ത് നരബലി നടത്താൻ നിർദ്ദേശിച്ചതായി പറയപ്പെടുന്നു. ഈ ജ്യോതിഷിയുടെ നിർദേശപ്രകാരമാണ് മാതാവ് മകളെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. രേഖയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം മാത്രമേ സംഭവങ്ങളുടെ ചുരുൾ അഴിയുകയുള്ളൂ. ചോദ്യം ചെയ്യാനായി ജ്യോതിഷിയെ കണ്ടെത്താൻ പൊലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

