വർക്കലയിൽ പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം;മാതൃ സഹോദരൻ പിടിയിൽ
text_fieldsവർക്കല: പട്ടാപ്പകൽ യുവതിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മാതൃ സഹോദരൻ പിടിയിൽ. പ്രതിയെ സംഭവ സ്ഥലത്തുവച്ച് പോലീസ് കീഴ്പ്പെടുത്തി. വർക്കല ചെമ്മരുതി ചാവടിമുക്കു തൈപ്പൂയത്തിൽ ഷാലു (37) വിനാണ് വെട്ടേറ്റത്. കഴുത്തിന് വെട്ടേറ്റ യുവതി ഗുരുതരാവസ്ഥയിൽ തുടരുകയാണ് യുവതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. വ്യാഴാഴ്ച ഉച്ചക്കായിരുന്നു സംഭവം. അയിരൂരിലെ സ്വകാര്യ പ്രിന്റിങ് പ്രസ്സിലെ ജീവനക്കാരിയാണ് ഷാലു. ഉച്ചക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ചു മടങ്ങവേയാണ് ആക്രമണം ഉണ്ടായത്. മാതൃസഹോദരനായ ഇഞ്ചി അനിൽ എന്നു വിളിക്കുന്ന അനിലാണ് ഷാലുവിനെ തടഞ്ഞുനിർത്തി വെട്ടിയത്. ഇരുവരും അയൽവാസികളാണ്.
വീട്ടിലേക്കുള്ള നടവഴിയിൽ വെട്ടുകത്തി കൊണ്ട് മരം വെട്ടുകയായിരുന്നു അനിൽ. ഉച്ചഭക്ഷണം കഴിച്ചു തിരികെ പ്രസ്സിലേക്ക് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന ഷാലുവിനെ തടഞ്ഞുനിർത്തി വെട്ടി പരിക്കേൽപ്പിക്കുയായിരുന്നു. കഴുത്തിലും ശരീരത്തിൽ പലയിടങ്ങളിലും വെട്ടി പരിക്കേല്പിക്കുക യായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയവരെയെല്ലാം ഇയാൾ വെട്ടുകത്തി വീശി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. വെട്ടേറ്റു വീണ യുവതിയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുക്കളെയും ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു.
വെട്ടേറ്റു രക്തം വാർന്നുകിടന്ന ഷാലുവിനെ രക്ഷിക്കാനാവാതെയായ നാട്ടുകാരും ബന്ധുക്കളും വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി അനിലിനെ കീഴടക്കിയ ശേഷമാണ് ഷാലുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പാരിപ്പള്ളി മെഡിക്കൽ കേളേജിൽ എത്തിച്ച യുവതിയെ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. യുവതിയുമായി അനിലിന് സാമ്പത്തിക ഇടപടുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാവാം ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഷാലുവിന്റെ ഭർത്താവ് സജീവ് വിദേശത്താണ്.ഇവർക്ക് രണ്ട് ആൺകുട്ടികളുണ്ട്.