93 പവന്‍ ആഭരണവും പണവും വാങ്ങി വഞ്ചിച്ചെന്ന്; വനിത എ.എസ്.ഐ അറസ്റ്റിൽ
text_fieldsഒറ്റപ്പാലം: രണ്ടുപേരിൽനിന്നായി 93 പവന്‍ സ്വര്‍ണാഭരണങ്ങളും ഒമ്പത് ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചെന്ന കേസില്‍ വനിത എ.എസ്.ഐ അറസ്റ്റില്‍. വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ മലപ്പുറം തവനൂര്‍ സ്വദേശി ആര്യശ്രീയെയാണ് (47) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തായ പഴയന്നൂര്‍ സ്വദേശിനിയില്‍നിന്ന് 93 പവന്‍ ആഭരണവും ഒന്നരലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയില്‍നിന്ന് ഏഴരലക്ഷം രൂപയും വാങ്ങി വഞ്ചിച്ചെന്ന കേസുകളിലാണ് അറസ്റ്റ്. ഇവരെ മലപ്പുറം ജില്ല പൊലീസ് മേധാവി അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
2017ലാണ് സുഹൃത്തിൽനിന്ന് 93 പവന്‍ നൽകിയാല്‍ ഒരുവര്‍ഷം കഴിഞ്ഞ് മൂന്നുലക്ഷം രൂപ ലാഭവും സ്വര്‍ണാഭരണങ്ങളും തിരിച്ചുതരാമെന്നുപറഞ്ഞ് വാങ്ങിയത്. ഒറ്റപ്പാലത്തുവെച്ചായിരുന്നു ആഭരണ കൈമാറ്റം. പിന്നീട് മൂന്നുഘട്ടമായി ഒന്നരലക്ഷം രൂപയും വാങ്ങി. പണവും ആഭരണവും കിട്ടാതായതോടെയാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്.
രണ്ടുവര്‍ഷം മുമ്പാണ് ഒറ്റപ്പാലം സ്വദേശിയില്‍നിന്ന് ഏഴരലക്ഷം രൂപ വാങ്ങിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം സ്റ്റേഷൻ ഹൗസ് ഓഫിസർ എം. സുജിത്ത് ആര്യശ്രീയെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

