വെളിച്ചെണ്ണ വ്യാപാരത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ കേസ്: പ്രതി അറസ്റ്റിൽ
text_fieldsസീന
കൊടുങ്ങല്ലൂർ: വെളിച്ചെണ്ണ മൊത്തവ്യാപാരം നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ വാങ്ങി തിരികെ നൽകാതെ വഞ്ചിച്ച കേസിലെ പ്രതിയെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ ഭാരത് നഗർ ചെമ്പനേഴത്ത് വീട്ടിൽ സീന (50) ആണ് അറസ്റ്റിലായത്. 2025 ഫെബ്രുവരിയിൽ എസ്.എൻ. പുരത്തുള്ള ഗ്രീഷ്മ വെളിച്ചെണ്ണ കമ്പനിയിൽനിന്ന് വെളിച്ചെണ്ണ മൊത്തവിലയ്ക്ക് വാങ്ങി കടകളിൽ വിതരണം ചെയ്ത് കച്ചവടം നടത്തിയാൽ ലാഭമുണ്ടാകുമെന്നും നിക്ഷേപിച്ച തുകക്ക് ലാഭം നൽകാമെന്നും പറഞ്ഞാണ് പ്രതി കൊടുങ്ങല്ലൂർ പ്രഭൂസ് കോളജിനടുത്ത തലാപ്പിള്ളി സുനിതയിൽ നിന്നും പലപ്പോഴായി ആറര ലക്ഷം രൂപ പണമായി വാങ്ങിയത്.
കൊടുങ്ങല്ലൂർ തെക്കേനടയിലെ പുതിയവീട്ടിൽ ഷബീനയിൽനിന്ന് പല തവണകളിലായി ഗൂഗിൾ പേ വഴിയും നേരിട്ട് പണമായും 14 ലക്ഷം രൂപയും കൈപ്പറ്റി. സോൾവിനിൽനിന്ന് 7,15,000 രൂപയും ഷംല സിറാജിൽ നിന്ന് 8.5 ലക്ഷം രൂപയും വാങ്ങിയ ശേഷം തിരികെ നൽകിയില്ല. ആദ്യം ചെറിയ തുക കൈപ്പറ്റിയ പ്രതി ലാഭവിഹിതമെന്ന വ്യാജേന അതേ പണത്തിൽനിന്ന് ചെറിയ തുകകൾ പരാതിക്കാർക്ക് തിരികെ നൽകി വിശ്വാസം നേടിയെടുത്തു. തുടർന്നാണ് കൂടുതൽ തുക നിക്ഷേപമായി കൈപ്പറ്റിയത്. കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഇ.ആർ.ബൈജു, എസ്.ഐമാരായ എബിൻ, സൈദ, സി.ആർ. പ്രദീപ്, ജി.എസ്.ഐ അസ്മാബി, ജി.എസ്.സി.പി.ഒ വികാസ്, സി.പി.ഒമാരായ ജിഷ, മജിത, വിഷ്ണു, ഷിനാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

