വ്യാജ ഡോക്ടർ ചമഞ്ഞ് പൂജാരിയിൽ നിന്ന് 68 ലക്ഷം തട്ടി; യുവതി പിടിയിൽ, മനയിലെ കോടികളുടെ സ്വത്തുക്കളുടെ അവകാശിയാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്
text_fieldsമുബീന
പാലക്കാട്: വ്യാജ ഡോക്ടർ ചമഞ്ഞ് പൂജാരിയിൽ നിന്ന് 68 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയിൽ. മണ്ണാർക്കാട് കുമരംപുത്തൂർ പയ്യനടം കുണ്ടുതൊടിക മുബീനയാണ് (35) എറണാകുളം ലുലുമാളിൽ നിന്ന് പിടിയിലായത്.
ഡോക്ടറായ താൻ മനിശ്ശേരി മനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഏക മകൾ ഡോ. നിഖിത ബ്രഹ്മദത്തനാണെന്ന് പറഞ്ഞാണ് ഇവർ പൂജാരിയെ സമീപിച്ചത്. മനയിലെ കോടികളുടെ സ്വത്തുക്കളുടെ അവകാശിയാണെന്നും പുരുഷൻമാരായ അവകാശികളില്ലാത്തതിനാൽ പൂജാരിയെ ദത്തെടുക്കാൻ തയാറാണെന്നും പറഞ്ഞ ഇവർ ദത്തെടുത്തതായി സ്റ്റാമ്പ് പേപ്പറിൽ എഴുതി നൽകി വിശ്വാസം പിടിച്ചുപറ്റുകയും ചെയ്തു. താൻ ജോലി ചെയ്യുന്നതായി പറഞ്ഞ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് ഇടയ്ക്കിടെ പൂജാരിയെ വിളിച്ചുവരുത്തിയ ഇവർ, സ്തെതസ്കോപ്പ് ധരിച്ചും സഹായികളെ ഏർപ്പാടാക്കിയും തട്ടിപ്പ് നടത്തി. താൻ നിർമിക്കുന്ന ഐ.വി.എഫ് ആശുപത്രിയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 68 ലക്ഷം രൂപ പല തവണയായി കൈപ്പറ്റി.
വിവിധ ജില്ലകളിൽ പല പേരുകളിൽ ഒളിവിൽ കഴിയുകയായിരുന്ന മുബീനയെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് ഒരു ലക്ഷത്തോളം രൂപയും സ്വർണാഭരണങ്ങളും ഇവരുടെ പക്കൽ നിന്ന് പിടികൂടി. പ്രതിയോടൊപ്പം ലിവിങ് ടുഗതറായി ജീവിക്കുന്ന സഹായി അമ്പലപ്പുഴ നീർക്കുന്നം ’ശ്യാം’ നിവാസിൽ ശ്യാം സന്തോഷ് (33) മുമ്പ് അറസ്റ്റിലായി ജാമ്യത്തിലാണ്.
ഒമ്പതാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള മുബീന പരിചയപ്പെടുന്നവരോടെല്ലാം പണം വാങ്ങുകയും തിരിച്ച് നൽകാതെ മുങ്ങുകയാണ് പതിവ്. ആലപ്പുഴ, കോഴിക്കോട്, എറണാകുളം, പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷനുകളിൽ സമാന കുറ്റത്തിന് കേസുകളുണ്ട്. സബ് ഇൻസ്പെക്ടർ വി. ഹേമലത, എം. വിജയകുമാർ, എ.എസ്.ഐ ഉഷാദേവി, സീനിയർ പൊലീസ് ഓഫിസർ ആർ. രാജീദ്, മുഹമ്മദ് ഷെറീഫ്, പ്രദീപ്, പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

