യുവതിയെയും ഭർത്താവിനെയും പിതാവും സഹോദരനും പട്ടാപ്പകൽ നടുറോഡിൽ കുത്തിക്കൊന്നു
text_fieldsഗാന്ധിനഗർ: ഗുജറാത്തിൽ ദലിത് യുവതിയേയും ഭർത്താവിനേയും പട്ടാപ്പകൽ നടുറോഡിൽ വെച്ച് സഹോദരനും പിതാവും കുത്തിക്കൊലപ്പെടുത്തി. ഗാന്ധിനഗറിലെ രാജ്കോട്ടിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ദലിത് വിഭാഗത്തിൽപെട്ട യുവാവിനെ വിവാഹം ചെയ്യാൻ വിസമ്മതിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഖിരാസര സ്വദേശികളായ അനിൽ മൊഹിദ, ഭാര്യ റീന എന്നിവരാണ് കൊല്ലപ്പെട്ടത്.
കുംഭാർവാഡയിലെ ജികാരിയ പള്ളിക്ക് സമീപത്തുവെച്ചായിരുന്നു ദമ്പതികൾക്ക് നേരെ ആക്രമണമുണ്ടായത്. ദമ്പതികൾ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മിനി ലോറിയിലെത്തിയ റീനയുടെ പിതാവ് സോംജി സിങ്ഗ്രാക്കിയയും സഹോദരൻ സുനിലും ദമ്പതികളെ റോഡിൽ തടഞ്ഞുനിർത്തുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ആറ് മാസങ്ങൾക്ക് മുമ്പാണ് ഇരുവരും വിവാഹിതരായത്. റീനയുടെ കുടുംബത്തിന്‍റെ എതിർപ്പ് പരിഗണിക്കാതെയായിരുന്നു ഇരുവരുടെയും വിവാഹം. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.