വണ്ടുംതറയെ ഞെട്ടിച്ച് പുലർകാല കൊലപാതകം
text_fieldsസംഭവസ്ഥലം ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ്
സന്ദർശിക്കുന്നു
പട്ടാമ്പി: പുലർകാല കൊലപാതകത്തിൽ ഞെട്ടൽ മാറാതെ വണ്ടുംതറ. വാതിലിൽ മുട്ട് കേട്ട് പുറത്തുവന്ന ഗൃഹനാഥന് നേരിടേണ്ടിവന്നത് കൊലയാളിയുടെ കൊലക്കത്തിയെയായിരുന്നു. അതിരാവിലെ ഓട്ടോയിൽ വീട്ടിലെത്തിയയാൾ കൃത്യം നിർവഹിച്ച് വന്ന വണ്ടിയിൽതന്നെ മടങ്ങിയെന്നാണ് പൊലീസ് ഭാഷ്യം.
വണ്ടുംതറ വടക്കുംമുറി കടകത്തൊടി അബ്ബാസാണ് കൊല്ലപ്പെട്ടത്. നെല്ലായ മഞ്ചക്കൽ മുഹമ്മദാലിയാണ് പ്രതി. വിവാഹ ബ്രോക്കറായി കുടുംബം പോറ്റുന്ന അബ്ബാസിനെക്കുറിച്ച് നാട്ടുകാർക്ക് നല്ലതേ പറയാനുള്ളൂ. വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞു പണം വാങ്ങി പറ്റിച്ചെന്നാണ് മുഹമ്മദാലിയുടെ ആരോപണം.
പിതാവിനു നേരെയുള്ള ആക്രമണം തടയാൻ ശ്രമിച്ച മകൻ ഷിഹാബുദ്ദീന് കൈയിൽ കത്തികൊണ്ട് പരിക്കേറ്റു.
കുത്തേറ്റ അബ്ബാസിനെ ആദ്യം കൊപ്പത്തെ സ്വകാര്യാശുപത്രിയിലും പിന്നീട് പട്ടാമ്പി താലൂക്ക് ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വലിയൊരു കുടുംബത്തിന്റെ അത്താണിയാണ് അബ്ബാസിന്റെ മരണത്തോടെ ഇല്ലാതായത്. മുഹമ്മദ് മുഹ്സിൻ എം.എൽ.എ താലൂക്ക് ആശുപത്രിയിലും കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രമണിയും മുൻ എം.എൽ.എ സി.പി. മുഹമ്മദും മറ്റു ജനപ്രതിനിധികളും അബ്ബാസിന്റെ വീട്ടിലുമെത്തി. മൃതദേഹം വണ്ടുംതറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ വൈകീട്ടോടെ ഖബറടക്കി.
തെളിവെടുപ്പ് നടത്തി
പട്ടാമ്പി: വണ്ടുംതറയിൽ കടകത്തൊടി അബ്ബാസിനെ കൊലപ്പെടുത്തിയ പ്രതി മുഹമ്മദലിയുമായി (40) പൊലീസ് മുളയങ്കാവ് ഇടുതറയിൽ തെളിവെടുപ്പ് നടത്തി. കൊലപാതകത്തിനു ശേഷം പ്രതി തിരിച്ചുപോകുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്. കുത്താനുപയോഗിച്ച കത്തി ഇടുതറയിൽനിന്ന് കണ്ടെടുത്തു.
സംഭവം നടത്തിയ രീതി പൊലീസിനോട് പ്രതി വിവരിച്ചു. വിവാഹ ദല്ലാളായ അബ്ബാസുമായുണ്ടായ വിവാഹസംബന്ധമായ തർക്കങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്ന് സ്ഥലത്തെത്തിയ ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു. പതിനായിരം രൂപയുടെ തർക്കമാണ് കൊലപാതകത്തിലെത്തിച്ചതെന്ന് എസ്.ഐ എം.ബി. രാജേഷും പറഞ്ഞു.
മാസങ്ങൾക്കു മുമ്പ് പണം കൈപ്പറ്റിയ അബ്ബാസ് നല്ല ആലോചനകൾ കൊണ്ടുവരാത്തതാണ് പ്രകോപനം. കഴിഞ്ഞ ദിവസം രാത്രി ഇതു സംബന്ധമായി ഇരുവരും തമ്മിൽ ഫോണിൽ തർക്കങ്ങളുണ്ടായതായും പൊലീസ് പറഞ്ഞു.
പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടാൻ സഹായകമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

