മയക്കുമരുന്നുമായി അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ
text_fieldsപിടിയിലായവർ
ആലുവ: വീര്യം കൂടിയ മയക്കുമരുന്നായ മോർഫിനുമായി രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ മജുനൂർ മൊല്ല (26), ലിറ്റൻ ശൈഖ് (25) എന്നിവരെയാണ് റൂറൽ ഡാൻസാഫ് ടീമും പൊലീസും ചേർന്ന് പിടികൂടിയത്.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആലുവ തുരുത്തിൽ നടത്തിയ പരിശോധനയിലാണ് 38 ചെറിയ പൊതി മോർഫിൻ പിടികൂടിയത്. മുർഷിദാബാദിൽനിന്നുമാണ് കൊണ്ടുവന്നത്. ചെറിയ പൊതികളിലാക്കി അന്തർ സംസ്ഥാന തൊഴിലാളികളുടെ ഇടയിലാണ് വിൽപന. മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട് മജുനൂർ മൊല്ലക്കെതിരെ കാലടി സ്റ്റേഷനിലും കേസുണ്ട്.
എസ്.എച്ച്.ഒ സൈജു കെ. പോൾ, എസ്.ഐമാരായ ആർ. വിനോദ്, കെ.പി. ജോണി, എ.എസ്.ഐ പി.എ. ഇക്ബാൽ, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, അമീർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.