ദുർമന്ത്രവാദം; കൂടുതൽ പ്രതികൾക്കായി അന്വേഷണം
text_fieldsകോട്ടയം: തിരുവഞ്ചൂരിലെ ഭർതൃവീട്ടിൽ യുവതി ദുർമന്ത്രവാദത്തിന് ഇരയായ സംഭവത്തിൽ മന്ത്രവാദിയും ആൺസുഹൃത്തിന്‍റെ കുടുംബാംഗങ്ങളും അല്ലാതെ ഒരാൾ കൂടി പങ്കാളിയായതായി പൊലീസ്. വിഡിയോ ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് മറ്റൊരാളുടെ കൂടി പങ്കാളിത്തം വ്യക്തമായത്. ആഭിചാര ക്രിയകൾ നടക്കുമ്പോൾ യുവതിയുടെ കൈ മുറുകെ പിടിച്ചത് ഇയാൾ ആണെന്നാണ് വിവരം. ഇത് ഇതിനകം പിടിയിലായ മന്ത്രവാദി ശിവദാസിന്‍റെ കൂടെ വന്നയാളാകാനാണ് സാധ്യതയെന്നാണ് കരുതുന്നത്. മറ്റു പ്രതികളായ യുവതിയുടെ ഭർത്താവ് കൊരട്ടിക്കുന്നേൽ പുൽപറംകുന്നേൽ വീട്ടിൽ അഖിൽദാസും അഖിലിന്‍റെ പിതാവ് ദാസും റിമാൻഡിലാണ്.
ഇവരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങിയാൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകും. അതിനിടെ മന്ത്രവാദിയെ വീട്ടിലെത്തിച്ച ഭർതൃമാതാവ് സൗമിനിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മറ്റു കുടുംബാംഗങ്ങളും ഒളിവിലാണ്. മണർകാട് എസ്.എച്ച്.ഒ അനിൽ ജോർജിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. യുവതി വന്ന ശേഷം വീട്ടിൽ എന്നും വഴക്കാണെന്നും ഇത് പരിഹരിക്കാൻ മന്ത്രവാദം വേണമെന്നും അഖിലിന്‍റെ മാതാവ് പറഞ്ഞതായി യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വീട്ടിലെ എന്ത് പ്രശ്നത്തിലും സൗമിനി മന്ത്രവാദിയെ സമീപിക്കുകയും തകിട് ജപിച്ച് വാങ്ങുകയും ചെയ്തിരുന്നവത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

