ഭാര്യയെ കൊലപ്പെടുത്തിയ പിടികിട്ടാപ്പുള്ളി അഞ്ചുവർഷത്തിന് ശേഷം അറസ്റ്റിൽ
text_fieldsഷഫീഖ്
അടൂർ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽപോയ പ്രതിയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ പഴകുളം അജ്മൽ ഭവനിൽ ഷഫീഖാണ് (48) പിടിയിലായത്. 2017ലാണ് ഭാര്യ റജീനയെ ഇയാൾ കുത്തിക്കൊലപ്പെടുത്തിയത്. അന്ന് അറസ്റ്റിലായ ഇയാളെ ജയിലിൽ അടച്ചെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു. വർഷങ്ങളായി ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ബന്ധപ്പെടാതിരുന്നതിനാൽ പ്രതിയെ കണ്ടെത്താൻ കഴിയാതെവരുകയും കോടതി വിചാരണ നടപടി തടസ്സപ്പെടുകയും ചെയ്തിരുന്നു.
തുടർന്ന് ഇയാൾക്കെതിരെ പത്തനംതിട്ട ജില്ല സെഷൻസ് കോടതി വാറന്റ് പുറപ്പെടുവിക്കുകയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. അടൂർ ഡിവൈ.എസ്.പി ആർ. ബിനു, പത്തനംതിട്ട ഡി.സി.ആർ.ബി ഡിവൈ.എസ്.പി എസ്. വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു.
പ്രതി ഏർവാടി, ബീമാപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം ഇവിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. അഞ്ചുതെങ്ങ്, പൂന്തുറ, വിഴിഞ്ഞം, അഴീക്കൽ കടപ്പുറങ്ങളിൽ അന്വേഷണം നടത്തിയതിൽ ഇയാളുടെ രൂപസാദൃശ്യമുള്ളയാളെ തിരുവനന്തപുരം കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട പെരുമാതുറയിൽ കണ്ടതായി വിവരം ലഭിച്ച സംഘം, അവിടെ ദിവസങ്ങളോളം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് വേഷംമാറി പെരുമാതുറയിലെ വിവിധ കോളനികളിൽ തിരഞ്ഞു. കോളനിവാസികളുമായി സൗഹൃദം സ്ഥാപിച്ച പൊലീസ് സംഘം, പ്രതി ജോലികഴിഞ്ഞ് എത്തിയപ്പോൾ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണത്തിന് അടൂർ പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, എസ്.ഐ എം. മനീഷ്, സി.പി.ഓമാരായ സൂരജ്, സതീഷ്, രതീഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

