മദ്യലഹരിയിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു: എസ്.ഐ അറസ്റ്റിൽ
text_fieldsകുമളി: മദ്യലഹരിയിലുണ്ടായ വഴക്കിനിടെ രണ്ടാം ഭാര്യയെ പൊലീസ് ഓഫിസർ കഴുത്ത് ഞെരിച്ച് കൊന്നു. കമ്പം ട്രാഫിക് എസ് .ഐ ജയകുമാറാണ് രണ്ടാം ഭാര്യ അമുദയെ (42) കൊലപ്പെടുത്തിയത്. സംഭവത്തിൽ ജയകുമാറിനെ (52) അറസ്റ്റ് ചെയ്തു. കൊലപാതകത്തിനുശേഷം ഉത്തമപാളയത്തെ ആദ്യ ഭാര്യയുടെയും മക്കളുടെയും അടുത്തേക്ക് പോയ ജയകുമാറിനെ കമ്പത്തേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കമ്പംമെട്ട് കോളനി റോഡരികിലാണ് കഴിഞ്ഞ 15 വർഷത്തോളമായി ഇരുവരും താമസിച്ചിരുന്നത്. രാവിലെ അമുദയെ വീടിനു പുറത്ത് കാണാതായതോടെ അയൽവാസികൾ ജനൽവഴി നോക്കിയപ്പോൾ തറയിൽ കിടക്കുന്നതായി കണ്ടെത്തി. ഇവർ വിവരം അറിയിച്ചതനുസരിച്ച് ഉത്തമപാളയം ഡിവൈ.എസ്.പി മധുകുമാരിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മരണപ്പെട്ട വിവരം അറിഞ്ഞത്.
അമുദയ മദ്യത്തിൽ വിഷം ചേർത്ത് കഴിച്ച് ആത്മഹത്യ ചെയ്തെന്നായിരുന്നു ജയകുമാർ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാവുകയായിരുന്നു.മുമ്പ്, ഇരുവരും തമ്മിലുണ്ടായ വഴക്കിനെത്തുടർന്ന് അമുദ നൽകിയ പരാതിയിൽ ജയകുമാറിനെതിരെ കേസെടുക്കുകയും സസ്പെൻഷനിലാവുകയും ചെയ്തിരുന്നു. പിന്നീട് പരാതി പിൻവലിച്ചതോടെയാണ് ജയകുമാർ വീണ്ടും സർവിസിൽ പ്രവേശിച്ചത്. ആദ്യ ഭാര്യയുമായി വഴക്കിട്ട് കമ്പത്ത് അമുദക്ക് ഒപ്പമായിരുന്നു ഏറെക്കാലമായി ജയകുമാർ കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

