വൈദ്യുതി ബിൽ അടച്ചില്ലെന്ന് എസ്.എം.എസ്; ജില്ലാ ജഡ്ജിയുടെ ഭാര്യയുടെ ഒരു ലക്ഷം രൂപ സൈബർ തട്ടിപ്പുകാർ അടിച്ചുമാറ്റി
text_fieldsമുംബൈ: വൈദ്യുതി ബിൽ അടച്ചില്ലെന്ന് എസ്.എം.എസ് അയച്ച് സൈബർ തട്ടിപ്പുകാർ ജില്ലാ ജഡ്ജിയുടെ ഭാര്യയുടെ ഒരു ലക്ഷം രൂപ അടിച്ചുമാറ്റി. ബില്ലടക്കാത്തതിനാൽ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് കാണിച്ച് മറൈൻ ഡ്രൈവിൽ താമസിക്കുന്ന 53 കാരിയായ ഇവർക്ക് എസ്എംഎസ് ലഭിച്ചിരുന്നു. ബിൽ കൃത്യസമയത്ത് അടച്ചിരുന്ന ഇവർ ഉടൻ തന്നെ എസ്.എം.എസിൽ ഉണ്ടായിരുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടു. തുടർന്നാണ് പണം നഷ്ടമായതെന്ന് പരാതിക്കാരി പൊലീസിനെ അറിയിച്ചു.
ജില്ലാ ജഡ്ജിയുടെ ഭാര്യയുടെ പരാതിയിൽനിന്ന്:
എസ്.എം.എസിൽ ഉണ്ടായിരുന്ന നമ്പറിൽ വിളിച്ചപ്പോൾ വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥനാണെന്നാണ് പരിചയപ്പെടുത്തിയത്. വൈദ്യുതി ബില്ലുകൾ കൃത്യസമയത്ത് അടച്ചിരുന്നതായി താൻ അറിയിച്ചു. എന്നാൽ, തുക തങ്ങളുടെ സിസ്റ്റത്തിൽ വരവ് വെച്ചിട്ടില്ലെന്നും അത് പരിഹരിച്ചില്ലെങ്കിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുമെന്നുമായിരുന്നു മറുപടി.
പ്രശ്‌നം പരിഹരിക്കാൻ ഫോണിലൂടെ താൻ പറയുന്നത് ചെയ്താൽ മതിയെന്ന് അയാൾ പറഞ്ഞു. മഹാവിതരൺ, ക്വിക്ക് സപ്പോർട്ട്, എസ്എംഎസ് ടു ഫോൺ എന്നീ മൂന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയും നിർദ്ദേശമനുസരിച്ച് ലിങ്കിൽ ക്ലിക്ക് ചെയ്യുകയും ലിങ്ക് വഴി ജനറേറ്റ് ചെയ്ത ഓൺലൈൻ ഫോമിൽ ബാങ്കിംഗ് വിശദാംശങ്ങൾ ഉൾപ്പെടെ എല്ലാ ഉപഭോക്തൃ വിവരങ്ങളും നൽകുകയും ചെയ്തു.
എന്നാൽ, പ്രതിയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ മൂന്ന് തവണ പണം കൈമാറ്റം ചെയ്തതായി എസ്.എം.എസ് അറിയിപ്പ് ലഭിച്ചു. മെസേജുകൾ പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിൽ നിന്ന് 99,500 രൂപ നഷ്ടമായതായി കണ്ടെത്തിയത്.
ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ, പണം ഒരു പേടിഎം വാലറ്റിലേക്ക് ട്രാൻസ്ഫർ ചെയ്തതായി മനസ്സിലായി. തുടർന്ന് അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും തട്ടിപ്പ് വിവരം അറിയിക്കാൻ മറൈൻ ഡ്രൈവ് പോലീസ് സ്റ്റേഷനിൽ എത്തുകയുമായിരുന്നു.
ആപ്പിലാക്കിയത് ആപ്പുകൾ
മൊബൈൽ ഫോണിന്റെ പ്രവർത്തനം വിദുരത്തുള്ളയാൾക്ക് നിയന്ത്രിക്കാവുന്ന ആപ്ലിക്കേഷനാണ് പരാതിക്കാരിയുടെ മൊബൈൽ ഫോണിലേക്ക് പ്രതി ഡൗൺലോഡ് ചെയ്യിപ്പിച്ചത്. ഒ.ടി.പി എസ്.എം.എസുകൾ വഴിതിരിച്ചുവിടാനുള്ള ആപ്പും ഇതിനൊപ്പം ഡൗൺലോഡ് ചെയ്തു. ഇതാണ് തട്ടിപ്പിന് കളമൊരുക്കിയത്.
"പരാതിക്കാരിക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു. ഇത് മുതലെടുത്ത് ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യിപ്പിച്ച് എല്ലാ വിവരങ്ങളും ശേഖരിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു'' -പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തട്ടിപ്പ് സംഘം പണം സ്വീകരിച്ച പേടിഎം ഇ-വാലറ്റ് ഉടമയുടെ വിശദാംശങ്ങൾ ലഭിക്കാൻ പേടിഎം സേവന ദാതാവിന് കത്തെഴുതാനുള്ള നീക്കത്തിലാണ് പൊലീസ്. അതേസമയം, പരാതിക്കാരിക്ക് എസ്എംഎസ് ലഭിച്ച നമ്പർ ട്രൂകോളറിൽ തിങ്കളാഴ്ച വരെ 38 പേർ സ്പാം ആയി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

