കോട്ടയത്ത് ഭാര്യയെ കൊന്ന് കുഴിച്ചുമൂടി കാണാനില്ലെന്ന് പരാതി നൽകിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ, മൃതദേഹം കണ്ടെത്തി
text_fieldsകോട്ടയം: ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി സോണിയെ(32) ആണ് അയർക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യ അൽപനയെ(24) ആണ് കൊന്ന് കുഴിച്ചുമൂടിയത്. അൽപനയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ഇളപ്പാനി ജങ്ഷന് സമീപം നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിനോട് ചേർന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്. ആ സ്ഥലത്ത് പൊലീസ് കുഴിച്ചു നോക്കിയപ്പോൾ യുവതിയുടെ മൃതദേഹം കണ്ടെത്തി.
നിർമാണ തൊഴിലാളിയായ പ്രതി ഇവിടെ ജോലി ചെയ്തിരുന്നു. ഭാര്യക്ക് ഒപ്പം അയൽക്കുന്നത്തായിരുന്നു സോണി താമസിച്ചിരുന്നത്. ഭാര്യക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഭാര്യയെ കൊന്ന് കുഴിച്ചു മൂടിയതിന് ശേഷമാണ് ഇയാൾ കാണാനില്ലെന്ന് പരാതി നൽകിയത്. കഴിഞ്ഞ 14നാണ് ഇയാൾ ഭാര്യയെ കാണാനിനില്ലെന്ന് പരാതി നൽകിയത്. അന്വേഷണത്തിന്റെ ഭാഗമായി മൊഴി നൽകാൻ പൊലീസ് വിളിച്ചുവെങ്കിലും സോണി സഹകരിച്ചില്ല. അതിനു ശേഷം മക്കളുമായി ട്രെയിനിൽ നാട്ടിലേക്ക് പോവുകയും ചെയ്തു. വിവരമറിഞ്ഞ് പൊലീസ് ആർ.പി.എഫുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി കൊച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ 14ന് രാവിലെ സോണി അൽപനക്കൊപ്പം ഇളപ്പാനി ജങ്ഷന് സമീപത്തുകൂടി നടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തിരികെ വരുമ്പോൾ സോണി മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. ഇതാണ് അൽപനയെ സോണി കൊലപ്പെടുത്തിയതാണോ എന്ന് പൊലീസ് സംശയിക്കാൻ കാരണം.
ആദ്യം പൊലീസിനോട് സഹകരിക്കാൻ കൂട്ടാക്കാതിരുന്ന സോണി ദ്വിഭാഷിയുടെ സഹായത്തോടെയാണ് കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇളപ്പുങ്കൽ ജങ്ഷനിൽ നിന്ന് 100 മീറ്റർ മാറി മണ്ണനാൽ ഡിന്നിയുടെ നിർമാണം നടക്കുന്ന വീടിന്റെ മുറ്റത്താണ് പ്രതി ഭാര്യയെ കുഴിച്ചു മൂടിയത്. കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

