മക്കൾക്ക് സ്വത്ത് നൽകിയില്ല: വാടകക്കൊലയാളികളെ വിട്ട് ഭർത്താവിനെ കൊന്ന യുവതിയും പങ്കാളിയും പിടിയിൽ
text_fieldsനോയ്ഡ: ഉത്തർപ്രദേശ് ഗൗതം ബുദ്ധ ജില്ലയിൽ ഒരാളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. റാബുപുര പ്രദേശത്താണ് സംഭവം. കൊല്ലപ്പെട്ടയാളുടെ ഭാര്യയും പങ്കാളിയും രണ്ട് വാടക ഗുണ്ടകളുമുൾപ്പെടെ നാലു പേരെ ഗ്രേറ്റർ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു. വീർപാൽ എന്നയാളാണ് കൊല്ലപ്പെട്ടത്.
പ്രതിയും കൊല്ലപ്പെട്ടയാളുടെ ഭാര്യയുമായ നേഹ തന്നെയാണ് വീർപാൽ മരണപ്പെട്ട വിവരം പൊലീസിനെ അറിയിച്ചതെന്ന് ഗ്രേറ്റർ നോയിഡ ഡെപ്യൂട്ടി കമ്മീഷണർ അമിത് കുമാർ പറഞ്ഞു. ദുരൂഹ സാഹചര്യത്തിൽ ഭർത്താവ് മിർസാപൂരിലെ വീട്ടിൽ വച്ച് മരണപ്പെട്ടെന്നായിരുന്നു നേഹ പൊലീസിനെ അറിയിച്ചത്.
വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കത്തിക്കരിഞ്ഞ നിലയിൽ വീർപാലിന്‍റെ മൃതദേഹം കണ്ടെത്തിയത്. 2018ൽ നേഹ മൂന്ന് മക്കളോടൊപ്പം വീർപാലിനെ ഉപേക്ഷിച്ച് പോയതായി വീർപാലിന്‍റെ സഹോദരൻ കരൻപാൽ പൊലീസിൽ മൊഴി നൽകിയതാണ് അന്വേഷണത്തിൽ നിർണായകമായത്.
സംശയം തോന്നിയ പൊലീസ് നേഹയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. രാജ്കുമാർ എന്ന പുതിയ പങ്കാളിയാണ് വീർപാലിനെ കൊലപ്പെടുത്താൻ വീടക ഗുണ്ടകളെ ഏർപ്പെടുത്തിയതെന്നും 50,000 രൂപയാണ് ഇവർക്കായി ചിലവാക്കിയതെന്നും പ്രതി പൊലീസിന് മൊഴി നൽകി. തന്നോടൊപ്പം കഴിയുന്ന മക്കൾക്ക് സ്വത്ത് നൽകാൻ വീർപാൽ വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അവർ പൊലീസിനോട് പറഞ്ഞു. മരണപ്പെട്ടാൽ സ്വാഭാവികമായും അവകാശികളായ മക്കൾക്ക് സ്വത്തുക്കൾ ലഭിക്കുമെന്നായിരുന്നു നേഹയുടെ കണക്കുകൂട്ടൽ.