വിഷം ഉള്ളിൽചെന്ന് ഭാര്യയും മകളും ആശുപത്രിയിൽ; ഗൃഹനാഥൻ അറസ്റ്റിൽ
text_fieldsസുലൈമാൻ
കല്ലമ്പലം: ഭാര്യയെയും മകളെയും ആഹാരത്തിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഗൃഹനാഥൻ അറസ്റ്റിൽ. ഇടവൂർകോണം എസ്.ആർ മൻസിലിൽ സുലൈമാനാണ് (59) അറസ്റ്റിലായത്. സുലൈമാന്റെ ഭാര്യ റസിയ, മകൾ നിഷ എന്നിവർ വിഷം ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
റസിയ ഉണ്ടാക്കിവെച്ച ആഹാരത്തിൽ സുലൈമാൻ രഹസ്യമായി എലിവിഷം ചേർക്കുകയായിരുന്നു. ഇത് അറിയാതെ റസിയയും മകൾ നിഷയും ആഹാരം കഴിച്ചു. ഇതോടെ ഛർദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായി ആശുപത്രിയിൽ ചികിത്സ തേടി. വിഷം ഉള്ളിൽ ചെന്നെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആഹാരത്തിൽ എലിവിഷം കലർത്തിയത് സ്ഥിരീകരിച്ചു.
തുടർന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കല്ലമ്പലം സി.ഐ വിജയരാഘവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

