ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വ്യാപക മോഷണം
text_fieldsകുമളി: വണ്ടിപ്പെരിയാർ, ഗ്രാമ്പി, പരുന്തുംപാറ മേഖലകളിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വ്യാപക മോഷണം. ക്രിസ്തീയ ദേവാലയങ്ങളും അമ്പലങ്ങളും കുത്തിത്തുറന്ന് ഭണ്ഡാരപ്പെട്ടികളിലെ പണവും വിഗ്രഹത്തിലെ സ്വർണാഭരണവും കവർന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വണ്ടിപ്പെരിയാർ പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവുകൾ ശേഖരിച്ചു.
ഗ്രാമ്പി ഒമ്പതുമുറിയിലെ ദേവാലയം കുത്തിത്തുറന്ന് ഭണ്ഡാരപ്പെട്ടി എടുത്തുകൊണ്ടുപോയി. പെട്ടിക്കുള്ളിലെ പണം കവർന്നശേഷം കാട്ടിൽ ഉപേക്ഷിച്ചു. ഇതിന് പിന്നാലെ ഗ്രാമ്പി മാരിയമ്മൻ ക്ഷേത്രത്തിന്റെ ശ്രീകോവിൽ കല്ലുപയോഗിച്ച് ഇടിച്ച് തുറന്ന് ക്ഷേത്രത്തിലെ വിഗ്രഹത്തിലുണ്ടായിരുന്ന മൂന്ന് സ്വർണത്താലികൾ മോഷ്ടിക്കുകയും ഭണ്ഡാരം കുത്തിത്തുറന്ന് പണം കവരുകയും ചെയ്തു.പരുന്തുംപാറയിൽ വ്യാപാരസ്ഥാപനം കുത്തിത്തുറക്കാനും ശ്രമം നടന്നു. പരുന്തുംപാറയിൽ ഭദ്രകാളി ക്ഷേത്രത്തിലും മോഷണശ്രമം നടന്നു. ക്ഷേത്രത്തിന്റെ പൂട്ട് തകർക്കുവാൻ ശ്രമം നടന്നതായി കണ്ടെത്തി. പ്രദേശത്തെ ക്രിസ്ത്യൻ പള്ളിയിലും മോഷണശ്രമം കണ്ടെത്തി. കല്ലുപയോഗിച്ച് ദേവാലയത്തിന്റെ വാതിലും ഭണ്ഡാരപ്പെട്ടിയും തകർക്കുവാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. പ്രദേശത്ത് വ്യാപക മോഷണങ്ങൾ നടന്നതോടെ നാട്ടുകാർ ഭീതിയിലായി. വണ്ടിപ്പെരിയാർ ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

