Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമയക്കുമരുന്നു സംഘങ്ങളെ...

മയക്കുമരുന്നു സംഘങ്ങളെ ആരു നിയന്ത്രിക്കും?

text_fields
bookmark_border
drug
cancel
Listen to this Article

കണ്ണൂർ: തീരദേശ മേഖല കേന്ദ്രീകരിച്ച് മയക്കുമരുന്നു സംഘങ്ങൾ അഴിഞ്ഞാടുകയാണ്. കണ്ണൂർ സിറ്റിയിലും സമീപ പ്രദേശങ്ങളിലുമാണ് മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനവും അക്രമവും ഏറെയും. നേരം ഇരുട്ടിയാൽ ആയിക്കരയിലും മരക്കാർകണ്ടിയിലും നീർച്ചാലിലും ഉരുവച്ചാലിലും കാര്യങ്ങൾ തീരുമാനിക്കുന്നത് ഇത്തരം സംഘങ്ങളാണ്. പരാതികൾ വർധിക്കുമ്പോഴും പരിശോധനകളും നടപടികളും പ്രഹസനമാവുകയാണ്.

പരാതി പറഞ്ഞവരെയും മയക്കുമരുന്ന് സംഘങ്ങളെ കാണിച്ചുകൊടുത്തവരെയും ക്രിമിനൽ സംഘങ്ങൾ ആക്രമിക്കുകയാണ്. മയക്കുമരുന്ന് സംഘത്തെക്കുറിച്ചുള്ള വിവരം പൊലീസിന് കൈമാറിയെന്നാരോപിച്ച് കഴിഞ്ഞയാഴ്ച കണ്ണൂർ സിറ്റി സ്വദേശിയായ യുവാവിനെ ആയിക്കര മാർക്കറ്റിനുസമീപം മയക്കുമരുന്ന് സംഘം മർദിച്ചിരുന്നു. സംഭവത്തിൽ രണ്ടുപേർക്കെതിരെ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തിരുന്നു. പ്രതികൾ മയക്കുമരുന്ന് സംഘത്തിന്‍റെ ഏജന്‍റായി പ്രവർത്തിക്കുന്നവരാണെന്നാണ് പൊലീസ് പറഞ്ഞത്.

ജൂൺ മൂന്നിന് രാത്രി ഗാന്ധി മൈതാനം ബസ്‌സ്റ്റോപ്പിനുസമീപം പൊലീസിന്റെ വാഹന പരിശോധനക്കിടെ നിർത്താതെ പോകവേ അപകടത്തിൽപെട്ട കാറിൽനിന്നും വാൾ കണ്ടെത്തിയ സംഭവവും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ട്.

ഇതിൽ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത മരക്കാർകണ്ടി സ്വദേശികളായ രണ്ടുപേർക്ക് ഈ സംഘവവുമായി ബന്ധമുണ്ട്. പൊലീസ് പിന്തുടർന്നതോടെ നിയന്ത്രണം വിട്ട കാർ മതിലിലിടിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് എസ്.ഡി.പി.ഐ കണ്ണൂർ സെൻട്രൽ സിറ്റി കമ്മിറ്റി പ്രസിഡന്റ് ടി. ആഷിക്കിന്റെ ബൈക്ക് സിറ്റിയിലെ വീട്ടുമുറ്റത്ത് സാമൂഹിക വിരുദ്ധർ അഗ്നിക്കിരയാക്കിയത്. ഇതിനുപിന്നിൽ മയക്കുമരുന്ന് സംഘമാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ കണ്ണൂരിൽ നടന്ന ലക്ഷങ്ങളുടെ എം.ഡി.എം.എ വേട്ടയിലെ ദമ്പതികളും സഹോദരങ്ങളും അടക്കമുള്ള കണ്ണികളും കണ്ണൂർ സിറ്റി, തയ്യിൽ മേഖലയിലുള്ളവരായിരുന്നു. മേഖലയിലെ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപനയും വിതരണവുമെല്ലാം.

മത്സ്യവണ്ടികളിലും കോഴിവണ്ടികളിലും ന്യൂജൻ മയക്കുമരുന്നുകൾ ഒഴുകുകയാണ്. പൊലീസിനും എക്സൈസിനും എളുപ്പത്തിൽ എത്തിപ്പെടാനാവാത്തയിടങ്ങളാണ് ഏറെയും. ആയിക്കര ഹാർബർ, ഉരുവച്ചാൽ, കൊടപ്പറമ്പ്, തയ്യിൽ, സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗങ്ങളും മയക്കുമരുന്ന് മാഫിയയുടെ കൈയിലാണ്. റെയിൽവേ സ്റ്റേഷന്റെ പിൻവശത്ത് ഇത്തരം സംഘങ്ങൾ തമ്പടിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന മത്സ്യവണ്ടികളിലാണ് മയക്കുമരുന്ന് കടത്തെന്നും പരാതിയുണ്ട്. തീരപ്രദേശത്തെ പഴയ കെട്ടിടങ്ങൾ, നിർമാണത്തിലിരിക്കുന്ന വീടുകൾ, റെയിൽപാളങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് മാഫിയ സംഘങ്ങളുടെ പ്രവർത്തനം. പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്തുന്നതും ആക്രമിക്കുകയും ചെയ്യുന്ന സംഭവം ഒറ്റപ്പെട്ടതല്ല. ഇത്തരം സംഘവുമായി വാക്കുതർക്കത്തിലേർപ്പെടുന്നവരെ കൊലപ്പെടുത്തുന്ന സംഭവങ്ങളുണ്ടായിട്ടും പൊലീസ് നിഷ്ക്രിയമാണെന്ന് വ്യാപക പരാതിയുണ്ട്.

യുവാക്കളെയും വിദ്യാർഥികളെയുമാണ് വിതരണത്തിനും വിൽപനക്കും ഉപയോഗിക്കുന്നത്. ഏഴരക്കടപ്പുറം, കടലായി ഭാഗങ്ങളിൽ രാത്രി മണൽക്കടത്തിന് വിദ്യാർഥികളെ അടക്കം ഉപയോഗിക്കുന്നുണ്ട്. ഇവർക്ക് മയക്കുമരുന്ന് നൽകി ലഹരിക്ക് അടിമയാക്കി വിതരണത്തിനും വിൽപനക്കും ഉപയോഗിക്കുകയാണെന്നും ആരോപണമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsDrug gangs
News Summary - Who controls drug gangs?
Next Story