വിവാഹം കഴിഞ്ഞ് അഞ്ചാംനാൾ വന്ന പാർസൽ പൊട്ടിത്തെറിച്ച് മരിച്ചത് നവവരനും ബന്ധുവും; പാർസൽ ബോംബ് കേസിൽ വിധി
text_fieldsഭുവനേശ്വർ: വിവാഹ സമ്മാനമായി ലഭിച്ച പാർസൽ ബോംബ് പൊട്ടിത്തെറിച്ച് നവവരനും ബന്ധുവും മരിച്ച കേസിൽ കോളജ് പ്രഫസർക്ക് ജീവപര്യന്തം തടവുശിക്ഷ. 2018ൽ ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. എൻജിനീയറായ സൗമ്യ ശേഖർ സാഹു (26), അദ്ദേഹത്തിന്‍റെ ബന്ധുവായ 85കാരി ജെനമണി എന്നിവരാണ് മരിച്ചത്. സൗമ്യയുടെ ഭാര്യ റീമ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. സൗമ്യയും റീമയും വിവാഹിതരായി അഞ്ചാം നാളാണ് അപകടം നടന്നത്.
ഒഡിഷയിലെ ജ്യോതി വികാസ് കോളജിലെ ലക്ചററായ പുഞ്ചിലാൽ മെഹറിനെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴ ശിക്ഷക്കുമാണ് വിധിച്ചത്. വിവാഹസമ്മാനമായി ലഭിച്ച പാർസലിന്‍റെ തുറക്കാൻ ശ്രമിച്ചതോടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ജനലുകളും ചുമരുകളും തകർന്നു.
സൗമ്യയുടെ മാതാവായ സംയുക്ത സാഹുവിനോട് പ്രതിയായ പുഞ്ചിലാൽ മെഹറിന് ഉണ്ടായിരുന്ന വിദ്വേഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 2009 മുതൽ 2014 വരെ പ്രിൻസിപ്പൽ ആയിരുന്ന മെഹറിനെ മാറ്റി ചരിത്രവിഭാഗം ലക്ചററായ സംയുക്തയെ പ്രിൻസിപ്പലാക്കിയതാണ് മെഹറിനെ പ്രകോപിപ്പിച്ചത്.
യൂട്യൂബ് വിഡിയോകൾ കണ്ടാണ് ഇദ്ദേഹം ബോംബ് തയാറാക്കിയത്. അതിനുശേഷം സെർച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്യുകയായിരുന്നു. കോളജിൽ വന്ന് ഹാജർ രേഖപ്പെടുത്തിയതിനുശേഷം റായ്പൂർ വരെ ടിക്കറ്റില്ലാതെ സഞ്ചരിച്ച് പല കൊറിയർ സർവീസുകൾ സന്ദർശിച്ചതിനുശേഷം മധുരപലഹാരമെന്ന് പറഞ്ഞാണ് ഇദ്ദേഹം കൊറിയർ ബുക് ചെയ്തത്.
പാർസൽ ബോംബിനെക്കുറിച്ചോ കൊലപാതകങ്ങളെക്കുറിച്ചോ ആദ്യഘട്ടത്തിൽ തെളിവൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. പിന്നീട് പൊലീസ് സൂപ്രണ്ടിന് ലഭിച്ച ഊമക്കത്താണ് നിർണായക തെളിവായി മാറിയത്. നവവരന്‍റെ ചതിയും സാമ്പത്തിക ഇടപാടുകളുമാണ് കൊലയിലേക്ക് നയിച്ചതെന്നായിരുന്നു കത്തിന്‍റെ ഉള്ളടക്കം.
പാർസൽ അയച്ചയാളുടെ പേര് എസ്.കെ സിഹ്നയെന്നും ഊമക്കത്ത് അയച്ചയാളുടെ പേര് എസ്.കെ ശർമ എന്നുമായിരുന്നു. കത്തിലെ ഭാഷയും കൈയക്ഷരവും കണ്ടപ്പോൾ തന്നെ പ്രതി നല്ല വിദ്യാഭ്യസമുള്ളയാളാണെന്ന് വ്യക്തമായിരുന്നു. സംയുക്ത സാഹുവിന് വളരെ പരിചയമുള്ളതെന്ന് തോന്നിയ കൈയക്ഷരത്തിന്‍റെ ഉടമ മെഹറാണെന്ന് പിന്നീട് പൊലീസ് കണ്ടെത്തുകയായിരുന്നു.
സംശയം ഒഴിവാക്കുന്നതിനായി സൗമ്യയുടെ വിവാഹത്തിനും ശവ സംസ്ക്കാര ചടങ്ങുകളിലും മെഹർ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

