പത്താം ക്ലാസ് വിദ്യാർഥിയെ ഹോസ്റ്റലിൽ സീനിയർ വിദ്യാർഥികൾ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; വാർഡൻ അറസ്റ്റിൽ
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: ബംഗളൂരുവിലെ ഒരു സ്വകാര്യ റെസിഡൻഷ്യൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയെയാണ് സ്കൂൾ ഹോസ്റ്റലിനുള്ളിൽ മുതിർന്ന വിദ്യാർഥികൾ ലൈംഗികമായി പീഡിപ്പിക്കുകയും റാഗ് ചെയ്യുകയും ചെയ്തതായി പരാതി നൽകിയിരിക്കുന്നത്. ഈ മാസം എട്ടിനാണ് ബന്നാർഘട്ട പൊലീസ് സ്റ്റേഷനിൽ വിദ്യാർഥി രക്ഷിതാക്കളുമായെത്തി പരാതി നൽകിയത്.
സംഭവം നടക്കുമ്പോൾ ഹോസ്റ്റൽ വാർഡൻ സ്ഥലത്തുണ്ടായെങ്കിലും സംഭവം തടയുന്നതിന് പകരം മുതിർന്ന കുട്ടികളെ റാഗ് ചെയ്യാൻ പ്രോൽസാഹിപ്പിക്കുകയായിരുന്നു. സ്കൂൾ പ്രിൻസിപ്പലിനെതിരെയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്, നിലവിൽ പരാതി പൊലീസ് പരിശോധിച്ചുവരികയാണ്.
ഹോസ്റ്റൽ പരിസരത്തുവെച്ച് 11, 12 ക്ലാസുകളിലെ മുതിർന്ന വിദ്യാർഥികൾ തന്നെ ശാരീരികമായി ആക്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് ആൺകുട്ടി പരാതിപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്സോ) നിയമത്തിലെ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഹോസ്റ്റൽ വാർഡനെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. വിദ്യാർഥിയിൽ നിന്നും മാതാപിതാക്കളിൽ നിന്നും ജീവനക്കാരിൽ നിന്നും മൊഴി രേഖപ്പെടുത്തി. റസിഡൻഷ്യൽ സ്കൂളുകളിലെ വിദ്യാർഥികൾക്കു നേരെയുള്ള ഇത്തരം ആക്രമണങ്ങൾ കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്നുണ്ടെന്നും, സംഭവത്തിൽ മുതിർന്ന വിദ്യാർഥികളുടെയും മറ്റ് ജീവനക്കാരുടെയും പങ്കിനെകുറിച്ച് അന്വേഷണം തുടരുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

