വാളയാർ ആൾക്കൂട്ടക്കൊല; രാം നാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം നൽകും
text_fieldsവാളയാർ ആൾകൂട്ടക്കൊലപാതകത്തിന് ഇരയായ രാം നാരായണൻ
തിരുവനന്തപുരം: പാലക്കാട് വാളയാറിൽ ബി.ജെ.പി പ്രവർത്തകരടങ്ങുന്ന സംഘം ബംഗ്ലാദേശിയെന്നാരോപിച്ച് തല്ലിക്കൊന്ന രാം നാരായണന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനം എടുത്തത്. വൈകിട്ട് മാധ്യമങ്ങളെ കാണുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിക്കും.
ഛത്തിസ്ഗഢ് സ്വദേശി രാം നാരായണൻ ജോലി അന്വേഷിച്ചാണ് കേരളത്തിലെത്തിയത്. ജോലി അന്വേഷിച്ചിറങ്ങിയ ഇയാളെ അട്ടപ്പള്ളത്ത് മോഷണത്തിനെത്തിയെന്ന് ആരോപിച്ച് നാട്ടുകാർ പിടികൂടി മർദിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ നാലുമണിക്കൂറിനുശേഷം പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. സംഭവത്തിൽ 15 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ഭാര്യയും മക്കളും ഉൾപ്പെടെയുള്ള ബന്ധുക്കൾ കേരളത്തിലേക്ക് എത്തിയാണ് രാം നാരായണന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. ഇന്നലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വിമാനമാർഗം ഛത്തീസ്ഗഡിൽ എത്തിച്ചു. തുടർന്ന് ഇന്ന് രാവിലെ ഒമ്പതുമണിക്ക് ഗ്രാമത്തിലെ പൊതുശ്മശാനത്തിൽ ദഹിപ്പിച്ചു. മക്കളായ ആകാശും അനൂജും അന്തിമ കർമങ്ങൾക്ക് നേതൃത്വം നൽകി.
അതിനിടെ, കൊലപാതകത്തിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മർദനസമയത്ത് ഇവരും സ്ഥലത്തുണ്ടായിരുന്നതായി തിരിച്ചറിഞ്ഞതിൻറെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊലപാതകത്തിൽ എസ്.സി/എസ്.ടി (അതിക്രമം തടയൽ) നിയമം 1989 പ്രകാരവും ഭാരതീയ ന്യായ് സംഹിത (ബി.എൻ.എസ്) സെക്ഷൻ 103(2) പ്രകാരവും കർശന നടപടി സ്വീകരിച്ചതായി പാലക്കാട് ജില്ല ഭരണകൂടം അറിയിച്ചു. പട്ടികജാതി വിഭാഗത്തിൽപെട്ട വ്യക്തിക്കെതിരായ അതിക്രമമെന്ന നിലയിൽ ശക്തമായ നടപടിയാണ് എടുത്തത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഗൗരവമായി ഇടപെടും. നിയമം കൈയിലെടുക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല. അന്വേഷണം സമഗ്രമായി പുരോഗമിക്കുകയാണ്. ജില്ല ക്രൈംബ്രാഞ്ചിനു കീഴിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിട്ടുണ്ട്. ജില്ല പൊലീസ് മേധാവിയാണ് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

