
അധികസമയം മൊബൈൽ ഫോണിൽ ചെലവഴിച്ചെന്നാരോപിച്ച് 15കാരിയെ നിരന്തരം ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റിൽ
text_fieldsവിശാഖപട്ടണം: മൊബൈൽ ഫോണിൽ അധികനേരം ചെലവഴിച്ചെന്നാരോപിച്ച് 15കാരിയെ നിരന്തരം ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. പ്രതിയായ 42കാരനെ ജുഡീഷ്യൽ റിമാൻഡിൽ വിട്ടു.
നിരന്തരം ലൈംഗികാക്രമണത്തിന് വിധേയമായതിനെ തുടർന്ന് മാനസികാഘാതത്തിലായിരുന്ന പെൺകുട്ടി ആക്രമണ വിവരം അധ്യാപകരോട് തുറന്നുപറയുകയായിരുന്നു. ഇതോടെ അധ്യാപികയും പെൺകുട്ടിയും പൊലീസിൽ പരാതി നൽകി. പെൺകുട്ടിയെ ആരോഗ്യപരിശോധനക്ക് വിധേയമാക്കി.
രണ്ടുവർഷം മുമ്പ് പ്രതിക്ക് വൃക്ക സംബന്ധമായ അസുഖം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഭാര്യ വൃക്ക ദാനം ചെയ്തു. അഞ്ചുമാസം മുമ്പ് ഭാര്യക്ക് അസുഖം ബാധിക്കുകയും ചികിത്സക്കായി സ്വന്തം വീട്ടിലേക്ക് മാറിതാമസിക്കുകയായിരുന്നു. ഇതോടെ 42കാരന്റെ സംരക്ഷണയിലായിരുന്നു പെൺകുട്ടി.
15കാരി അധികം സമയം മൊബൈൽ ഫോണിൽ കളിക്കുന്നതിൽ പിതാവിന് ദേഷ്യമുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഒരു മാസത്തിലധികമായി പെൺകുട്ടിയെ ഇയാൾ ലൈംഗികാക്രമണത്തിന് വിധേയമാക്കിയതെന്നും പൊലീസ് പറഞ്ഞു.