വിസ്മയ കേസ്; സാക്ഷി വിസ്താരം തുടങ്ങി, വിവാഹതലേന്ന് കാർ മാറ്റിനൽകണമെന്ന് പ്രതി ആവശ്യപ്പെട്ടു
text_fieldsകിരൺകുമാറിനെ കോടതിയിൽ ഹാജരാക്കിയശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നു
കൊല്ലം: ബി.എ.എം.എസ് വിദ്യാർഥിനി വിസ്മയ ഭർതൃഗൃഹത്തിൽ മരിച്ച കേസിലെ വിചാരണ കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത് മുമ്പാകെ തുടങ്ങി. വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരെ ഒന്നാം സാക്ഷിയായി വിസ്താരം തുടങ്ങി. വിവാഹം ഉറപ്പിക്കുന്ന സമയത്ത് 101 പവൻ സ്വർണവും 1.2 ഏക്കർ സ്ഥലവും കാറും നൽകാമെന്ന് സമ്മതിച്ചെന്നും 80 പവൻ മാത്രമേ നൽകാൻ കഴിഞ്ഞുള്ളൂവെന്നും മൊഴി നൽകി. വിവാഹ തലേന്ന് വീട്ടിലെത്തിയ കിരണിന് വാങ്ങിയ കാർ ഇഷ്ടപ്പെട്ടില്ലെന്ന് മകളോട് പറഞ്ഞതോടെ വിവാഹ ദിവസം തന്നെ വേറെ കാർ വാങ്ങിനൽകാമെന്ന് പറഞ്ഞു. ലോക്കറിൽ വെക്കാൻ സ്വർണം തൂക്കി നോക്കുമ്പോഴാണ് കുറവുണ്ടെന്ന് കിരണിന് മനസ്സിലായത്. കിരണിന്റെ സഹോദരിയുടെ മകന്റെ ജന്മദിനാഘോഷത്തിന് പോയിട്ടുവന്ന ശേഷം സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് മകളെ ബലമായി കാറിൽ പിടിച്ചുകയറ്റി വീട്ടിൽ കൊണ്ടുവന്ന് ഉപദ്രവിച്ചു. ജനുവരി 11 ന് മകന്റെ വിവാഹം ക്ഷണിക്കാൻ ചെന്നപ്പോൾ വിസ്മയ വീണ്ടും പ്രശ്നത്തിലാണെന്ന് മനസ്സിലാക്കി വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നു. മകന്റെ വിവാഹത്തിന് കിരണോ ബന്ധുക്കളോ വന്നില്ല.
വിവാഹശേഷം മരുമകളോട് എല്ലാ വിവരങ്ങളും മകൾ പറഞ്ഞു. വിവാഹബന്ധം ഒഴിയുന്നതിനായി സമുദായ സംഘടനകളിലെ ഉത്തരവാദിത്തപ്പെട്ടവരോട് പറഞ്ഞു. വിഷയത്തിൽ മാർച്ച് 25 ന് ചർച്ചക്കിരിക്കെ 17 ന് എത്തിയ കിരൺ മകളെ കൂട്ടിക്കൊണ്ടുപോയി. കേസ് ഒഴിവാക്കാനായിരുന്നു ഇത്തരത്തിൽ ചെയ്തത്. അതിനുശേഷം തന്റെയും മകന്റെയും ഫോണും ഫേസ്ബുക്കും എല്ലാം കിരൺ ബ്ലോക്ക് ചെയ്തെന്നും മൊഴി നൽകി.
കിരൺ ത്രിവിക്രമൻ നായരുമായി നടത്തിയ സംഭാഷണം കിരണിന്റെ ഫോണിൽനിന്ന് ലഭിച്ചത് സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. ക്രോസ് വിസ്താരം ചൊവ്വാഴ്ച തുടരും. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജ്, നീരാവിൽ അനിൽകുമാർ, ബി. അഖിൽ എന്നിവരും പ്രതിഭാഗത്തിനുവേണ്ടി സി. പ്രതാപചന്ദ്രൻ പിള്ളയും ഹാജരായി.