കേരളത്തിലും മുംബൈയിലും വിസ തട്ടിപ്പ്: മലപ്പുറം സ്വദേശി പിടിയിൽ
text_fieldsചെറുതോണി: വിസ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള ഉദ്യോഗാർഥികളിൽനിന്നും ലക്ഷങ്ങൾ തട്ടിയശേഷം ഒളിവിൽ പോയ പ്രതിയെ മുരിക്കാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വെള്ളിമുക്ക് സ്വദേശി മാളിയേക്കൽ മുസ്തഫയാണ് (53) പിടിയിലായത്. ഉദ്യോഗാർഥികളുടെ പണവും സർട്ടിഫിക്കറ്റുകളും മറ്റും കൈവശം വെച്ച് വിലപേശി വഞ്ചിക്കുകയായിരുന്നു ഇയാൾ.
ഇടുക്കി ജില്ലയിൽനിന്നും പരിസര ജില്ലയിൽനിന്നും വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങളാണ് തട്ടിയെടുത്തത്. ഇടുക്കി ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇടുക്കി ഡിവൈ.എസ്.പി ജിൽസൺ മാത്യുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതി സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. തുടർന്ന്, ഇടുക്കി സൈബർ പൊലീസ് മുസ്തഫ മുംെബെയിൽ ഉണ്ടെന്ന് കണ്ടെത്തി. മുരിക്കാശ്ശേരി എസ്.എച്ച്.ഒ റോയ് എൻ.എസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ അഷ്റഫ് പി.കെ, അഷ്റഫ് ഇ.കെ എന്നിവർ മുംബൈയിലെത്തി. ഇതിനിടയിൽ പ്രതി മൊബൈൽ ഫോൺ ഉപേക്ഷിച്ച് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചു. തുടർന്ന് മുംബൈയിൽനിന്നും വിമാനമാർഗം കേരളത്തിലേക്ക് കടന്നു.
എന്നാൽ, സുഹൃത്തിനെ കാണുന്നതിന് കോട്ടയത്ത് എത്താൻ സാധ്യതയുള്ളതായി മനസ്സിലാക്കി മറ്റൊരു അന്വേഷണസംഘം കോട്ടയം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഏറ്റുമാനൂരിൽ ലോഡ്ജിൽ ഒളിവിൽ താമസിക്കുകയായിരുന്ന പ്രതിയെ മുരിക്കാശ്ശേരി എസ്.ഐ അജയകുമാർ, സീനിയർ പൊലീസ് ഓഫിസർ കെ.ആർ. അനീഷ് (ഡിവൈ.എസ്.പി അന്വേഷണ അംഗം), ഇ.എസ്. രതീഷ്, സിവിൽ പൊലീസ് ഓഫിസർ ജയേഷ് ഗോപി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
മുംബൈയിൽ സമാന രീതിയിൽ തട്ടിയെടുത്ത് സൂക്ഷിച്ചിരുന്ന ഉദ്യോഗാർഥികളുടെ വിലപിടിപ്പുള്ള സർട്ടിഫിക്കറ്റുകളും പാസ്പോർട്ട് അടക്കമുള്ള രേഖകളും മറ്റും ഇയാളിൽനിന്ന് കണ്ടെത്തി.കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ പ്രതി സമാന രീതിയിൽ നടത്തിയ തട്ടിപ്പുകളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ഇടുക്കി ഡിവൈ.എസ്.പി ജിൽസൺ മാത്യു പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

