ടാൻസാനിയൻ താരം കിലി പോളിന് നേരെ അജ്ഞാതരുടെ ആക്രമണം
text_fieldsടാൻസാനിയൻ സമൂഹ മാധ്യമ താരം കിലി പോളിന് നേരെ അജ്ഞാതരുടെ ആക്രമണം. വടിയും കത്തിയും ഉപയോഗിച്ചാണ് അക്രമികൾ കിലിയെ മർദിച്ചത്. അക്രമണത്തെ ചെറുത്തുതോൽപ്പിച്ച് സംഭവസ്ഥലത്തുനിന്ന് താരം രക്ഷപ്പെടുകയായിരുന്നു.
കിലി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ സംഭവത്തിന്‍റെ വിവരങ്ങൾ പങ്കുവെച്ചത്. ആക്രമണത്തിൽ തനിക്ക് പരിക്കേറ്റിട്ടുണ്ടെന്നും ശരീരത്തിൽ അഞ്ച് തുന്നലുകൾ ഉണ്ടെന്നും കിലി പറഞ്ഞു. ആശുപത്രിയിൽ പരിചരണം തേടുന്നതിനിടെയുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
'അഞ്ചംഗ സംഘം ചേർന്ന് എന്നെ മർദിക്കുകയായിരുന്നു. എന്‍റെ വലതു കാലിന്‍റെ വിരലിന് പരിക്കേൽക്കുകയും തുന്നിയിട്ടുമുണ്ട്. വടിയും കത്തിയുമുപയോഗിച്ചാണ് അവരെന്നെ അക്രമിച്ചത്. ഭാഗ്യവശാൽ ഞാൻ രക്ഷപ്പെടുകയായിരുന്നു. ദൈവത്തിന് നന്ദി, എല്ലാവരും എനിക്കു വേണ്ടി പ്രാർഥിക്കണം' -കിലി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.
ഇന്ത്യൻ സിനിമകളിലെ ഗാനങ്ങളും മറ്റ് ഡയലോഗുകളും അനുകരിക്കുന്ന ടാൻസാനിയൻ താരത്തിന് സമൂഹ മാധ്യമങ്ങളിൽ ഒട്ടനവധി ആരാധകരാണുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരിയിൽ കിലിയെ ടാൻസാനിയയിലെ ഇന്ത്യൻ ഹൈകമ്മീഷൻ ആദരിക്കുകയും ചെയ്തിരുന്നു.