പടക്കം പൊട്ടിച്ചത് ചോദ്യംചെയ്തതിന് മർദനം; മൂന്ന് പ്രതികൾ പിടിയിൽ
text_fieldsശ്രീനി സന്തോഷ്, നിഖിൽ സോമൻ, അജയ്
പത്തനംതിട്ട: വീടിനു മുന്നിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത യുവാവിനെയും ഭാര്യയെയും മർദിച്ച കേസിൽ മൂന്ന് പ്രതികളെ അടൂർ പൊലീസ് പിടികൂടി. പെരിങ്ങനാട് മുണ്ടപ്പള്ളി കാർത്തികനിവാസിൽ അജയ് (23), പെരിങ്ങനാട് ചെറുപുഞ്ച കലതിവിളയിൽ നിഖിൽ സോമൻ (21), പെരിങ്ങനാട് പള്ളിക്കൽ മേലൂട് ശ്രീനിലയം വീട്ടിൽ ശ്രീനി സന്തോഷ് (25) എന്നിവരാണ് അറസ്റ്റിലായത്. മൂന്നാളം ഉഷസ്സ് വീട്ടിൽ സോമന്റെ മകൻ വിഷ്ണു സോമന്റെ പരാതിയിലാണ് നടപടി. ദീപാവലി ദിവസം പതിനഞ്ചോളം വരുന്ന പ്രതികൾ ബൈപാസിൽ പടക്കം പൊട്ടിച്ചിരുന്നു. വിഷ്ണുവിന്റെ കുടുംബവീടിനു മുന്നിലും ഇപ്രകാരം ചെയ്തത് ചോദ്യം ചെയ്തപ്പോൾ പ്രകോപിതരായ പ്രതികൾ, അസഭ്യം പറഞ്ഞ് മർദനം അഴിച്ചുവിടുകയായിരുന്നു.
തടയാൻ തുനിഞ്ഞ വിഷ്ണുവിന്റെ ഭാര്യയെയും മാതാവിനെയും ദേഹോപദ്രവം ഏൽപിച്ചു. ഒളിവിലുള്ള മറ്റു പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി. പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

