Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചായക്കടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം; മൂവർ സംഘം അറസ്റ്റിൽ

text_fields
bookmark_border
കടയുടമയെയും സഹായികളെയും വെട്ടിയും അടിച്ചും പരിക്കേൽപിച്ചു
ചായക്കടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം; മൂവർ സംഘം അറസ്റ്റിൽ
cancel

കാക്കനാട്: മുണ്ടംപാലത്തിന് സമീപത്തെ ചായക്കടയിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് യുവാക്കളെ വെട്ടിയും അടിച്ചും പരിക്കേൽപിക്കുകയും ചെയ്ത പ്രതികളെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ചായകുടിക്കാൻ എത്തിയ സൂഫിയാൻ എന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പഴങ്ങനാട് സ്വദേശികളായ ശിവറാം ശ്യാം (19), ശ്യാം മോഹൻ (42), ഷാരോൺ മോഹൻ (36) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി മുണ്ടംപാലം ജങ്ഷനു സമീപത്തെ 'സൊറമുക്ക്' ചായക്കടയിലായിരുന്നു നാടിനെ നടുക്കിയ ആക്രമണ പരമ്പര അരങ്ങേറിയത്.

കേസിൽ ഒന്നാം പ്രതിയായ ശിവറാം ശ്യാമും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് ചായ കുടിച്ച ശേഷം പണം നൽകാതിരുന്നത് കടയുടമ അബ്ദുൽ റഫീഖ് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ സംഘം കടയുടമയെ അസഭ്യം പറയുകയും ബഹളം വെക്കുകയും ചെയ്തു. തുടർന്ന് ശിവറാം ശ്യാം തന്റെ അച്ഛൻ ശ്യാം മോഹനെയും കൊച്ചച്ഛൻ ഷാരോൺ മോഹനെയും ഫോണിൽ വിളിച്ച് വരുത്തി സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. ഇതിനിടെ മൂന്നാം പ്രതി കൈയിൽ കരുതിയിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് കടയുടമ അബ്ദുൽ റഫീഖിന്റെ തലക്ക് അടിച്ചു. ഇത് തടയാൻ ചെന്ന ചായക്കട ജീവനക്കാരൻ ഷെഫിനെയും കടയിൽ ചായ കുടിക്കാനെത്തിയ സുഫിയാനെയും പ്രതികൾ മർദിച്ചു. ഒന്നാം പ്രതി ശിവറാം ശ്യാം തടിക്കഷണം കൊണ്ട് സുഫിയാന്റെ തലക്കടിക്കുകയും ചെയ്തു. പിന്നാലെ രണ്ടാം പ്രതി കൈയിൽ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് സുഫിയാന്റെ കഴുത്തിലും ഇരു കൈകളിലും പുറത്തും കുത്തി. കൊലപാതക ലക്ഷ്യത്തോടെയാണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചു കിടന്ന സൂഫിയാനെ സുഹൃത്ത് ആരിഫ് ഉടൻ തന്നെ സൺറൈസ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Violence created a terrorist atmosphere in a tea shop
Next Story