മ്യൂസിയത്തില്‍ വീണ്ടും സ്ത്രീക്ക് നേരെ അതിക്രമം; ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ടുപേർ, കേസെടുത്തു
text_fieldsതിരുവനന്തപുരം: മ്യൂസിയം ജങ്ഷനിൽ വീണ്ടും സ്ത്രീക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി 11.45ന് കനക നഗർ റോഡിലാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. സാഹിത്യ ഫെസ്റ്റിന് ശേഷം താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അതിക്രമം. യുവതിയുടെ കഴുത്തിനും മുഖത്തിനും അടിയേറ്റു. ലൈംഗിക അതിക്രമത്തിന് പൊലീസ് കേസെടുത്തു. മാല പൊട്ടിക്കാനുള്ള ശ്രമമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.
അതിക്രമിച്ച ആളുകളുടെ മുഖം സ്ത്രീക്ക് ഓർമയില്ല. പരാതി ലഭിച്ചയുടൻ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. വഴികളിലെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടന്നു.
കഴിഞ്ഞ ഒക്ടോബറിലും ഇവിടെ സമാനമായ സംഭവം നടന്നിരുന്നു. മ്യൂസിയം വളപ്പില്‍ നടക്കാനിറങ്ങിയപ്പോഴാണ് അന്ന് സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷ്, സർക്കാർ വാഹനം ദുരുപയോഗം ചെയ്താണ് തലസ്ഥാനത്ത് അതിക്രമം നടത്തിയത്. കുറവൻകോണത്ത് വീട്ടിൽ അതിക്രമം കാണിച്ചകേസിലെ അന്വേഷണമാണ് സന്തോഷിനെ കുടുക്കിയത്. ഒക്ടോബര്‍ 25ന് രാത്രി കുറവൻകോൺത്തെ വീട്ടിൽ സന്തോഷ് എത്തിയ ഇന്നോവാ കാർ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്.

