പെൺകുട്ടികൾക്കുനേരെ അതിക്രമം; യുവാവിനെ ഓടിച്ചിട്ട് പിടികൂടി
text_fieldsബെന്നി വർഗീസ്
കോട്ടയം: നഗരമധ്യത്തിൽ വീണ്ടും സ്ത്രീകൾക്കുനേരെ അതിക്രമം. കടന്നുപിടിച്ച യുവാവിനെ പെൺകുട്ടികളും പിങ്ക് പൊലീസും ചേർന്ന് ഓടിച്ചിട്ടുപിടികൂടി. ഇടുക്കി നെടുങ്കണ്ടം നെടുവാതിലിൽ ബെന്നി വർഗീസ് (34)ആണ് പിടിയിലായത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുറവിലങ്ങാടുനിന്നുള്ള പെൺകുട്ടികൾ സിനിമ കാണാനാണ് നഗരത്തിലെത്തിയത്. സ്റ്റാൻഡിൽ ബസിറങ്ങി തിയറ്റർ റോഡിലൂടെ നടക്കുമ്പോൾ പുറകെയെത്തിയ ഇയാൾ പെൺകുട്ടികളോട് അശ്ലീലം പറയുകയും കടന്നുപിടിക്കുകയുമായിരുന്നു. കുട്ടികൾ ബഹളം വെച്ചതോടെ ഇയാൾ ഓടിപ്പോയി. എന്നാൽ, പെൺകുട്ടികൾ ഇയാളെ വിടാതെ പിന്തുടർന്നു. ഇതിനിടയിൽ ധരിച്ചിരുന്ന ഷർട്ട് മാറ്റി ഇയാൾ ബാഗിലുണ്ടായിരുന്ന മറ്റൊരു ഷർട്ടിട്ടു. ഷർട്ട് മാറിയെങ്കിലും ഇയാളെ പെൺകുട്ടികൾ തിരിച്ചറിഞ്ഞു. പിന്നാലെ ബഹളംവെച്ച് ഓടി.
ഇതുകണ്ട് പരിസരത്തുണ്ടായിരുന്ന പിങ്ക് സേനാംഗങ്ങളായ താനിയയും സബീനയും കുട്ടികൾക്കൊപ്പം ഓടി. എല്ലാവരും ചേർന്ന് ഇയാളെ പിടികൂടി. സ്‌പൈഡർ പട്രോളിങ് സംഘവും കൺട്രോൾ റൂം പൊലീസ് സംഘവും സ്ഥലത്തെി. ഉടൻ വെസ്റ്റ് സ്റ്റേഷനിൽ വിവരമറിയിച്ചു. പൊലീസെത്തി ഇയാളെയും പരാതിക്കാരെയും സ്റ്റേഷനിൽ കൊണ്ടുപോയി. പെൺകുട്ടികളിൽനിന്ന് വിശദമായ മൊഴി എഴുതിവാങ്ങിയശേഷം ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

