ആശുപത്രിയില്‍ യുവതിക്കും മകള്‍ക്കും നേരെ അക്രമം; യുവാവ് അറസ്റ്റില്‍
text_fieldsവെഞ്ഞാറമൂട്: ആശുപത്രിയില്‍ ചികിത്സയിലിരുന്നു യുവതിക്കും പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കും നേരെ അക്രമം നടത്തുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രതി പിടിയിൽ. കടകംപള്ളി വെട്ടുകാട് ബാലനഗര്‍ ജയിന് നിവാസില്‍ വിജിന് വിക്ടര്ആണ്(27) അറസ്റ്റിലായത്. കൊഞ്ചിറ സ്വദേശിയായ യുവതിക്കും മകള്‍ക്കുമാണ് ദുരനുഭവുമണ്ടായത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് മൂന്നിന് കന്യാകുളങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിലായിരുന്നു സംഭവം. നിരീക്ഷണ വാര്‍ഡില്‍ കഴിയുകയായിരുന്ന യുവതിക്കും കൂട്ടിരിക്കുകയായിരുന്ന മകള്‍ക്കും നേരെ പ്രതി അശ്ലീല പ്രയോഗം നടത്തുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു. ഇതില്‍ യുവതി പ്രതിഷേധിച്ചതോടെ കൈ പിടിച്ച് തിരിക്കുകയും മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് മകള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ എത്തുകയും പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. യുവതിയും ആശുപത്രി അധികൃതരും വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് നടത്തിയ തിരച്ചിലിൽ പ്രതി പിടിയിലാവുകയായിരുന്നു.

