വിജിലൻസ് റെയ്ഡ്; സബ് രജിസ്ട്രാറിൽ നിന്ന് 28,600 രൂപ പിടികൂടി
text_fieldsRepresentational Image
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കൈക്കൂലിയായി പിരിച്ചെടുത്ത 28,600 രൂപ കണ്ടെടുത്തു. മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖും സംഘവും ചൊവ്വാഴ്ച വൈകീട്ട് 6.45ന് ആരംഭിച്ച പരിശോധന രണ്ടുമണിക്കൂർ നീണ്ടു.
സബ് രജിസ്ട്രാർ സ്വാലിഹയുടെ കൈവശം അനധികൃതമായി സൂക്ഷിച്ചിരുന്ന 28,600 രൂപയും ഓഫിസ് അസിസ്റ്റന്റിന്റെ 2,490 രൂപയുമാണ് കണ്ടെടുത്തത്. ആധാരം എഴുത്തുകാരുമായി ഒത്തുകളിച്ച് രജിസ്ട്രേഷന് പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫിസിൽ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി നിരന്തര പരാതികൾ ലഭിച്ചതോടെയാണ് പരിശോധന നടത്തിയതെന്ന് വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖ് അറിയിച്ചു.
ആധാരം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്തി. വിശദമായി അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും.