ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തി; മൂന്ന് പോക്സോ കേസ് പ്രതികൾ അറസ്റ്റിൽ
text_fieldsകൊടുവള്ളി: പോക്സോ കേസിലെ പ്രതികൾ ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കിഴക്കോത്ത് പന്നൂർ സ്വദേശികളായ അനസ്, മുനവ്വർ, വാവാട് സ്വദേശിയായ ഖാദർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബസ് തൊഴിലാളികളാണ് മൂവരും. നരിക്കുനിയിലെ ഒരു സ്ഥാപനത്തിൽ പഠിച്ചിരുന്ന 17 കാരിയെ 2020 മാർച്ച് ആദ്യവാരത്തിൽ കൊടുവള്ളി ബസ് സ്റ്റാൻഡിൽനിന്ന് ഓട്ടോയിൽ നരിക്കുനി ഭാഗത്തേക്ക് തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ച് ഫോട്ടോ പകർത്തി.
പുറത്ത് പറഞ്ഞാൽ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്.റിമാൻഡിലായ പ്രതികൾ ഇരയെ ഭീഷണിപ്പെടുത്തുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തെന്നാണ് പരാതി.
ഇത് തുടർപഠനത്തിനും ഭാവിജീവിതത്തിന് പ്രയാസമാകുന്നതായും കാണിച്ച് സെപ്റ്റംബർ 25 ന് പൊലീസിൽ പെൺകുട്ടി പരാതി നൽകുകയായിരുന്നു. പരാതിയിൽ തുടർനടപടിയില്ലാതെ വന്നതോടെ മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയും പ്രതികളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.