കൊല്ലം, ആലപ്പുഴ ജില്ലകളിൽ വാഹന മോഷണം; പ്രായപൂർത്തിയാകാത്തവരടക്കം നാലുപേർ പിടിയിൽ
text_fieldsആദർശ്, സിജ്ജു
കരുനാഗപ്പള്ളി: കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധി ഇരുചക്രവാഹനങ്ങൾ മോഷണം നടത്തിയ നാലുപേരെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. തൃക്കടവൂർ കുരീപ്പുഴ വിളയിൽ കിഴക്കതിൽ സിജ്ജു (19- ജിത്തു), തൃക്കടവൂർ കുരീപ്പുഴ ജിജി ഭവനത്തിൽ ആദർശ് (19), പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് പേർ എന്നിവരാണ് പിടിയിലായത്.
കൊല്ലം സിറ്റി പരിധിയിൽനിന്ന് മാത്രം ഇരുപതിലധികം ഇരുചക്രവാഹനങ്ങൾ ഇവർ മോഷ്ടിച്ചെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. ന്യൂജൻ ഇനത്തിൽപ്പെട്ട ആഡംബര ബൈക്കുകൾ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ചാണ് മോഷണം നടത്തിവന്നത്.
വളരെ വിദഗ്ധമായി മോഷ്ടിച്ചെടുക്കുന്ന ബൈക്കുകളും സ്കൂട്ടറുകളും കുറച്ചു നാൾ ഉപയോഗിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളിലെത്തിച്ച് പൊളിച്ച് അഞ്ചാലുംമൂട് ഭാഗത്തുള്ള ആക്രിക്കടയിൽ വിൽക്കുന്നതായിരുന്നു ഇവരുടെ രീതി.
രണ്ടാഴ്ച മുമ്പ് കരുനാഗപ്പള്ളി ശ്രീധരീയം ഓഡിറ്റോറിയത്തിന് സമീപത്തുള്ള വീട്ടിൽ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മതിൽ ചാടിക്കടന്ന ശേഷം പൂട്ടു പൊട്ടിച്ച് മോഷണം ചെയ്തെടുത്ത സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും നൂറിലധികം സി.സി.ടി.വികൾ പരിശോധിച്ചതിനെ തുടർന്നാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
അന്വേഷണത്തിൽ ഇവർ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ജില്ലയിൽ പലയിടങ്ങളിൽനിന്നും ബൈക്കുകൾ മോഷണം ചെയ്തുകൊണ്ടുപോയതായി അറിവായിട്ടുണ്ട്. കായംകുളം താലൂക്ക് ആശുപത്രിക്ക് സമീപത്ത് നിന്നും ഒരാഴ്ച്ച മുമ്പ് കാണാതായ പൾസർ ബൈക്കും ഇവരിൽ നിന്ന് പൊലീസ് കണ്ടെത്തി. സിറ്റി പൊലീസ് മേധാവി മെറിൻ ജോസഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി അസി. കമീഷണർ പ്രദീപ് കുമാറിന്റെ നിർദേശാനുസരണം കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ശ്രീകുമാർ, എ.എസ്.ഐമാരായ നൗഷാദ്, നിസാമുദ്ദീൻ, സി.പി.ഒമാരായ ഹാഷിം, സിദ്ദിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

