വാഹന മോഷണം; ജില്ലയിൽ നാലുപേർ പിടിയിൽ
text_fieldsകാസർകോട്: വാഹന മോഷണക്കേസിൽ ജില്ലയുടെവിവിധ ഭാഗങ്ങളിലായി നാലുപേർ പിടിയിൽ. മുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ടൊയോട്ട ഗ്ലാൻസ കാറും കാറിലുണ്ടായിരുന്ന 32,000 രൂപയും ഉൾപ്പെടെ 13,12,000 രൂപ മോഷണംപോയ കേസിൽ മൂന്നുപേരാണ് പിടിയിലായത്. വിദ്യാനഗർ പൊലീസ് കാറിന്റെ ജി.പി.എസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഗളി പൊലീസ്, വാഹനം തമിഴ്നാട് മേട്ടുപ്പാളയത്തു വെച്ച് പിടികൂടിയത്.
കേസിലെ മൂന്നാം പ്രതി പാലക്കാട് മണ്ണാർക്കാട് തെങ്കര സ്വദേശി അസറുദ്ദീനെ (36) വാഹനമുൾപ്പെടെ പിടികൂടുകയായിരുന്നു. കാറിന്റെ ഒറിജിനൽ നമ്പർ പ്ലേറ്റ് മാറ്റി തമിഴ്നാട് രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് പതിച്ച നിലയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെമ്മനാട് അരമങ്ങാനം റോഡ് ദേളി ജങ്ഷനിൽ താമസിക്കുന്ന കളനാട് മേൽപറമ്പ് സ്വദേശി റംസാൻ സുൽത്താൻ ബഷീർ (25) ഒന്നാം പ്രതിയും കാസർകോട് തളങ്കര തെരുവത്ത് സ്വദേശി നാച്ചു എന്ന ടി.എച്ച്. ഹാംനാസ് (24) രണ്ടാം പ്രതിയുമാണെന്ന് കണ്ടെത്തി.
ഒന്നാം പ്രതി വാഹനത്തിന്റെ ആർ.സി ഉടമസ്ഥന്റെ ഡ്രൈവറാണ്. ആ സ്വാതന്ത്ര്യം മുതലെടുത്ത് ഒന്നാം പ്രതി ആർ.സി ഓണറുടെ വീട്ടിൽനിന്ന് കാറിന്റെ ചാവി എടുത്ത് പകരം സാമ്യമുള്ള മറ്റൊരു ഡമ്മി ചാവി ഉപയോഗിച്ച് രണ്ടാം പ്രതിയുടെ സഹായത്തോടെ കാർ മോഷ്ടിച്ചെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.
കാർ വിറ്റ തുകയിൽനിന്ന് 1,40,000 രൂപ രണ്ടാം പ്രതി താമസിക്കുന്ന ക്വാർട്ടേഴ്സിൽനിന്നും വാഹനത്തിന്റെ ഒറിജിനൽ നമ്പർ പ്ലേറ്റ് പെരുമ്പള കുഞ്ഞടുക്കത്തുനിന്നും കണ്ടെത്തി. കേസിലെ ഒന്നാം പ്രതിക്ക് വിദ്യാനഗർ, പരിയാരം, മേല്പറമ്പ, കുമ്പള എന്നീ സ്റ്റേഷനുകളിലും രണ്ടാം പ്രതിക്ക് ഹോസ്ദുർഗ്, മേൽപറമ്പ് എന്നീ സ്റ്റേഷനുകളിലുമായി കേസുകളുണ്ട്.
മറ്റൊരു മോഷണത്തിൽ ഒരാൾ കുമ്പള പൊലീസിന്റെ പിടിയിലായി. കുമ്പള റെയിൽവേ സ്റ്റേഷനു സമീപം പാർക്ക് ചെയ്തിരുന്ന ആക്സസ് 125 സ്കൂട്ടർ കഴിഞ്ഞമാസം 16ന് മോഷണംപോയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയായ കണ്ണൂർ ഒറ്റത്തൈ സ്വദേശി അലക്സ് ഡൊമിനിക് (25) എന്നയാളെയാണ് കുമ്പള പൊലീസ് മംഗളൂരുവിൽ അറസ്റ്റ് ചെയ്തത്.
സി.സി.ടി.വി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി മംഗളൂരുവിൽ മറ്റൊരു കേസിൽ പിടിയിലായതായി കണ്ടെത്തുകയും തുടർന്ന് കുമ്പള പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. വിദ്യാനഗർ എസ്.എച്ച്.ഒ കെ.പി. ഷൈൻ, കുമ്പള ഇൻസ്‌പെക്ടർ ടി.കെ. മുകുന്ദൻ, എസ്.ഐ പ്രദീപൻ, വിദ്യാനഗർ എസ്.ഐ സുരേഷ് കുമാർ, കെ.പി. സഫ്‌വാൻ, ഷീബ, ടി.വി. നാരായണൻ, പ്രദീപ് കുമാർ, ടി. ഹരീഷ്, പ്രമോദ്, ഷീന, രേഷ്മ, ഉണ്ണി കൃഷണൻ, ഉഷസ്എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

