വണ്ടൂർ ബാറിലെ മർദനം; കൊലക്കേസ് പ്രതികളായ കണ്ണൂർ സ്വദേശികൾ അറസ്റ്റിൽ
text_fieldsനവജിത്തും പ്രിയേഷും
വണ്ടൂർ (മലപ്പുറം): നടുവത്ത് സ്വദേശിയെ വണ്ടൂർ പുളിക്കലിലെ ബാറിൽ മർദിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ. കൊലക്കേസുകളിലടക്കം പ്രതികളായ രണ്ട് കണ്ണൂർ കൂത്തുപറമ്പ് സ്വദേശികളെയാണ് ബാറിൽ നിന്ന് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കൂത്തുപറമ്പ് പാതിരിക്കോട് സ്വദേശികളായ കെ. നവജിത്ത് (27), ചിരുകണ്ടോത്ത് വീട്ടിൽ പ്രിയേഷ് (29) എന്നിവരാണ് പിടിയിലായത്. ആയുധങ്ങളും പിടിച്ചെടുത്തു. ഇരുവരും കണ്ണൂരിലെ ഒരു സി.പി.എം നേതാവിനെ കൊലപ്പെടുത്തിയ കേസിലടക്കം പ്രതികളാണ്. രണ്ട് മാസം മുമ്പാണ് പുളിക്കലിലെ ബാറിലുണ്ടായ തർക്കത്തിനിടെ യുവാവിനെ ആക്രമിച്ചത്.
യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു. അഞ്ച് പേർക്കെതിരെയാണ് കേസ്. നവജിത്തിന്റെ പേരിൽ പത്തോളം കേസുകൾ കണ്ണൂരിൽ തന്നെയുണ്ട്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.