വളാഞ്ചേരിയിൽ അന്തർജില്ല വാഹന മോഷണസംഘം പിടിയിൽ
text_fieldsവിഷ്ണു, നിതിൻദാസ്, റിജിൻ ദാസ്
വളാഞ്ചേരി: മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിലായി നിരവധി ബൈക്കുകൾ, വാഹനങ്ങളുടെ ബാറ്ററികൾ എന്നിവ മോഷ്ടിച്ച് വിൽപന നടത്തുന്ന മൂന്നംഗ സംഘത്തെ വളാഞ്ചേരി പൊലീസ് പിടികൂടി. പെരിന്തൽമണ്ണ അരിപ്രയിൽ വാടകക്ക് താമസിക്കുന്ന ചോലക്കൽ വിഷ്ണു (20), കുറ്റിപ്പുറം കുന്നത്ത് വളപ്പിൽ നിതിൻദാസ് (21), തവനൂർ കാക്കശ്ശേരി കുന്ന് കുറുപ്പം വീട്ടിൽ റിജിൻ ദാസ് (22)എന്നിവരാണ് പിടിയിലായത്.
വളാഞ്ചേരി കൊട്ടാരത്തും കുളമംഗലത്ത് നിന്നുമായി ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും മോഷണം പോകുന്നത് പതിവായതോടെ തിരൂർ ഡിവൈ.എസ്.പി എ.എം. സിദ്ദിഖിന്റെ നിർദ്ദേശപ്രകാരം വളാഞ്ചേരി ഇൻസ്പെക്ടർ ആനന്ദ ബാബുവിന്റെ നേതൃത്വത്തിൽ തിരൂർ ഡാൻസാഫ് സംഘവും വളാഞ്ചേരി പൊലീസും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്.
കഴിഞ്ഞ മാസം കുറ്റിപ്പുറം തവനൂർ, അയങ്കലം, തൃശ്ശൂർ പേരാമംഗലം, കോട്ടയം ജില്ലയിലെ കൂത്താട്ടുകുളം എന്നിവിടങ്ങളിൽ നിന്ന് നിരവധി ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും പ്രതികൾ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. വാഹനങ്ങളും ബാറ്ററികളും വിൽപന നടത്തുന്നത് തിരൂർ, പൊന്നാനി, പട്ടാമ്പി എന്നിവിടങ്ങളിലാണ്. റിജിൻ ദാസിനെതിരെ തൃശ്ശൂർ ജില്ലയിലും തിരൂരിലും കേസുകളുണ്ടായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് വളാഞ്ചേരി ഇൻസ്പെക്ടർ ആനന്ദബാബു പറഞ്ഞു.
തിരൂർ ഡാൻസാഫ് സംഘത്തിലെ എ.എസ്.ഐമാരായ രാജേഷ്, ജയപ്രകാശ്, എസ്.സി.പി.ഒ ഉദയകുമാർ, സി.പി.ഒ ശ്രീഷ്, വളാഞ്ചേരി സ്റ്റേഷനിലെ എസ്.സി.പി.ഒ നിതിൻ, ഷിജിൻ, സി.പി.ഒ തോമസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

