നിരന്തരം ഫോണിൽ സംസാരം; ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു
text_fieldsലക്ക്നോ: ഉത്തർ പ്രദേശിലെ ലക്ക്നോവിൽ ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കോൺട്രാക്ടർ ആയ കുൽവന്ത് സിങ് (50), ഭാര്യ പുഷ്പ സിങ് (38) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.
തല ചതഞ്ഞ നിലയിലാണ് പുഷ്പയുടെ മൃദദേഹം കണ്ടെത്തിയതെന്നും തൊട്ടടുത്ത് ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു കുൽവന്ത് എന്നും എ.ഡി.സി.പി ചിരഞ്ജീവി നാഥ് സിൻഹ പറഞ്ഞു. നിലത്ത് നിന്ന് ഒരു അരകല്ല് കിട്ടിയിട്ടുണ്ടെന്നും ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുംബാംഗങ്ങൾ പറയുന്നത് പ്രകാരം, സുഹൃത്തുമായി പുഷ്പ ഒരുപാട് സമയം ഫോണിൽ സംസാരിക്കുന്നതിന് ദമ്പതികൾ നിരന്തരം വഴക്കിട്ടിരുന്നു. ചൊവ്വാഴ്ച കുട്ടികൾ രണ്ടുപേരും വീട്ടിലില്ലാത്തപ്പോൾ ഇവർ വഴക്കിട്ടെന്നും തുടർന്ന് ഭാര്യയെ തലക്കടിച്ച് കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്‌തെന്നുമാണ് പ്രഥമദൃഷ്ട്യാ മനസിലാക്കുന്നത്- പൊലീസ് പറഞ്ഞു.
മാതാപിതാക്കൾ പതിവായി വഴക്കിടാറുണ്ടായിരുന്നു എന്നും എന്നാൽ ഇങ്ങനെ ഒരു സംഭവം ഉണ്ടാകും എന്ന കരുതിയില്ലെന്നും മക്കളിലൊരാൾ പറഞ്ഞു. സുഹൃത്തിന്റെ വീട്ടിൽ കളിക്കാൻ പോയി തിരിച്ചെത്തിയപ്പോഴാണ് മകൻ അച്ഛനും അമ്മയും മരിച്ച നിലയിൽ കാണുന്നത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

