മൂന്നു വയസ്സുള്ള മകനെ കൊലപ്പെടുത്താൻ വാടക കൊലയാളിയെ വിളിച്ചു; പതിനെട്ടുകാരി അറസ്റ്റിൽ
text_fieldsന്യൂയോർക്ക്: മൂന്നു വയസ്സുള്ള മകനെ കൊലപ്പെടുത്താൻ വാടക കൊലയാളിയെ ഏർപ്പാടാക്കിയ കേസിൽ അമേരിക്കയിൽ പതിനെട്ടുകാരി അറസ്റ്റിൽ. വെബ്സൈറ്റ് വഴിയാണ് മാതാവ് വാടക കൊലയാളിയെ വിളിച്ചത്. ഒരാഴ്ചക്കുള്ളിൽ മകനെ കൊല്ലണമെന്നായിരുന്നു ഇവരുടെ ആവശ്യം.
എന്നാൽ, കൊലയാളിയെ ഏർപ്പാടാക്കാനായി യുവതി സമീപിച്ച വെബ്സൈറ്റ് വ്യാജമായിരുന്നു. മകന്‍റെ ചിത്രവും മറ്റു വിവരങ്ങളും യുവതി വൈബ്സൈറ്റ് വഴി കൈമാറിയിരുന്നു. വെബ്സൈറ്റിന്‍റെ ഓപറേറ്റർമാർ വിവരം പൊലീസിന് കൈമാറി. പൊലീസ് ഐ.പി അഡ്രസ് മനസ്സിലാക്കി യുവതിയെ തിരിച്ചറിയുകയും വാടക കൊലയാളിയെന്ന പേരിൽ ബന്ധപ്പെടുകയും ചെയ്തു.
കൊല നടത്തുന്നതിന് 3000 ഡോളർ നൽകാമെന്ന് യുവതി സമ്മതിച്ചിരുന്നു. സ്ഥലവും വീടും മനസ്സിലാക്കിയ അന്വേഷണ സംഘം പിന്നാലെ യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിന് പ്രേരിപ്പിച്ചു, ആശയവിനിമയ സംവിധാനം നിയമവിരുദ്ധമായി ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. മകനെ കൊലപ്പെടുത്താനുള്ള കാരണം വ്യക്തമായിട്ടില്ല.
കുട്ടി നിലവിൽ ബന്ധുക്കൾക്കൊപ്പമാണ്. കഴിഞ്ഞമാസം സമാനരീതിയിൽ ഏഴു വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്താൻ വാടക കൊലയാളിയെ വിളിച്ചതിന് 17കാരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

