ഭർത്താവിന്റെ പീഡനം സഹിക്കാൻ വയ്യ, ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കണം; യു.പിയിൽ മരുമകനൊപ്പം ഒളിച്ചോടിയ സ്ത്രീ പൊലീസിനോട്
text_fieldsഅലിഗഡ്: ദിവസങ്ങൾക്കു മുമ്പാണ് മകൾക്ക് കല്യാണം നിശ്ചയിച്ച യുവാവിനൊപ്പം സ്ത്രീ ഒളിച്ചോടിയ വാർത്ത പുറത്തുവന്നത്. യു.പിയിലെ അലിഗഡിൽ താമസിക്കുന്ന സ്വപ്ന ദേവി എന്ന സ്ത്രീയാണ് മരുമകനാകാൻ പോകുന്ന യുവാവിനൊപ്പം ഒളിച്ചോടിയത്. ഏപ്രിൽ 16നായിരുന്നു സ്വപ്ന ദേവിയുടെയ മകൾ ശിവാനിയുടെയും രാഹുലിന്റെയും വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. ക്ഷണക്കത്ത് അടിച്ച് എല്ലാവരെയും വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തു. വീട്ടിൽ കല്യാണത്തിനുള്ള ഒരുക്കങ്ങളും പൂർത്തിയായി. കല്യാണത്തിന് ഒരാഴ്ച മുമ്പ്, ഏപ്രിൽ എട്ടിനാണ് സ്വപ്ന ദേവിയെ കാണാതായത്. മകളുടെ വിവാഹത്തിനായി ഒരുക്കി വെച്ച പണവും സ്വർണവും എടുത്താണ് സ്വപ്ന ദേവി വീട് വിട്ടിറങ്ങിയത്. അതേ ദിവസം തന്നെ രാഹുലിനെയും കാണാതായത് സംശയം ജനിപ്പിച്ചു. തുടർന്ന് ദേവിയുടെ ഭർത്താവ് ജിതേന്ദ്ര കുമാർ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി.
അന്വേഷണത്തിനിടെ പൊലീസ് രണ്ടുപേരെയും കണ്ടെത്തി നാട്ടിലെത്തിക്കുകയായിരുന്നു. ഭർത്താവുമായും ഭർതൃകുടുംബാംഗങ്ങളുമായും സംസാരിച്ചുവെങ്കിലും രാഹുലിനൊപ്പം ജീവിക്കണമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് ദേവി തീർത്തുപറഞ്ഞു. തുടർന്ന് അവരെ രാഹുലിനൊപ്പം വിടുകയായിരുന്നു പൊലീസ്. ഭർത്താവും മകളും ചേർന്ന് നിരന്തരം മാനസികമായി പീഡിപ്പിച്ചതായും തിരികെ വീട്ടിലെത്തി അവർക്കൊപ്പം കഴിയാൻ ഒരുക്കമല്ലെന്നും ദേവി പൊലീസിനോട് പറഞ്ഞു. താൻ ദേവിയുടെ ജീവൻ രക്ഷിക്കുകയായിരുന്നുവെന്നും ഒരുമിച്ചു ജീവിക്കാനുള്ള തീരുമാനം രണ്ടുപേരുടേതുമാണെന്നും രാഹുൽ പറഞ്ഞു.
വീട്ടിൽ നിന്നിറങ്ങുമ്പോൾ മൂന്നര ലക്ഷം രൂപയും അഞ്ചുലക്ഷത്തിന്റെ സ്വർണാഭരണങ്ങളുമാണ് ദേവിയുടെ കൈവശമുണ്ടായിരുന്നത്. മൂന്നുമാസമായി രാഹുലും അമ്മയും ഒരുപാടുസമയം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നുവെന്ന് മകൾ പൊലീസിന് മൊഴി നൽകി. അവരാഗ്രഹിക്കുന്ന പോലെ ജീവിക്കട്ടെയെന്നും തങ്ങൾക്ക് യാതൊരു പ്രശ്നവുമില്ലെന്നും വീട്ടിൽ നിന്ന് കൊണ്ടുപോയ പണവും സ്വർണവും തിരികെ നൽകിയാൽ മാത്രം മതിയെന്നും മകൾ കൂട്ടിച്ചേർത്തു.
പണവും സ്വർണവും തിരികെ കിട്ടുന്നത് വരെ ദേവിയെയും രാഹുലിനെയും പോകാൻ അനുവദിക്കില്ലെന്ന് ഭർത്താവ് ജിതേന്ദ്രയും വ്യക്തമാക്കി. ബംഗളൂരുവിൽ ബിസിനസ് ആണ് ഇദ്ദേഹത്തിന്. ഭാര്യയും രാഹുലും മണിക്കൂറുകളോളം സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടിരുന്നുവെന്നും മകളുമായി വിവാഹം തീരുമാനിച്ചതിനാലാണ് ഒന്നും പുറത്തുപറയാതിരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

