ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് രണ്ട് വർഷത്തിന് ശേഷം വിവാഹം; യുവതിയെ കട്ടിലിനടിയിൽ മരിച്ചനിലയിൽ കണ്ടെത്തി, ഭർത്താവ് ഒളിവിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശ് ഝാൻസിയിലെ സിപ്രി ബസാർ പ്രദേശത്തെ വാടക വീട്ടിൽ 27 കാരിയായ യുവതി കൊല്ലപ്പെട്ട നിലയിൽ. സംഭവത്തിൽ ഭർത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. 27കാരിയായ ശിവാനി എന്ന സുധയെയാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. കൊലക്ക് പിന്നാലെ ഭർത്താവ് യഷ് ഠാക്കൂർ ഒളിവിൽ പോയി.
ഝാൻസിയിലെ സിപ്രി ബസാർ മേഖലയിലെ ആവാസ് വികാസ് കോളനിയിൽ ഫൗജി തിരാഹക്ക് സമീപമുള്ള വാടകവീട്ടിലാണ് ശിവാനിയെ കട്ടിലിനടിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ഝാൻസി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കഴുത്തുഞെരിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയത്. മുഖത്ത് അഞ്ചിടത്തും പരിക്കുകളുണ്ടായിരുന്നുവെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ആഗസ്റ്റ് 31ന് ദമ്പതികൾ തമ്മിൽ തർക്കമുണ്ടായതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് യഷ് ശിവാനിയെ മർദിച്ച ശേഷം മുറി പുറത്തുനിന്ന് പൂട്ടി പോയെന്നാണ് പൊലീസ് പറയുന്നത്. അടുത്ത ദിവസം ശിവാനിയെ മുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
മധ്യപ്രദേശിലെ ദതിയ ജില്ലയിലെ ഇൻദർഗഢ് സ്വദേശിനിയാണ് ശിവാനി. ഇൻസ്റ്റഗ്രാമിലൂടെയാണ് ഗ്വാളിയോർ നിവാസിയായ യഷിനെ പരിചയപ്പെട്ടത്. പിന്നീട് രണ്ടുവർഷത്തിന് ശേഷം ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. ഏകദേശം മൂന്ന് മാസമായി സഹോദരി മുസ്കനും സഹോദരൻ അനികേതിനുമൊപ്പം ഝാൻസിയിലായിരുന്നു ശിവാനിയുടെ താമസം. വിവാഹത്തിന് ശേഷം യഷ് ശിവാനിയെ മർദിക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ കുടുംബം പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചാണ് യഷിനെ കണ്ടെത്താനുള്ള അന്വേഷണം.
കേസുമായി ബന്ധപ്പെട്ട് ശിവാനിയുടെയും യഷിന്റെയും കോൾ ഡീറ്റെയിൽ റെക്കോർഡുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. വസ്ത്രശാലയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന യഷിന് നേരത്തെയും ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ശിവാനിയെ കൊലപ്പെടുത്തിയ ശേഷം യഷ് യുവതിയുടെ മൊബൈൽ ഫോൺ എടുത്തുകൊണ്ടുപോയതായും പൊലീസ് സംശയിക്കുന്നു. ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ശിവാനി കൊല്ലപ്പെട്ട സമയത്ത് സമീപത്തെ മുറിയിൽ സഹോദരി ഉറങ്ങുന്നുണ്ടായിരുന്നു. എന്നാൽ, യാതൊരുവിധ ശബ്ദം കേൾക്കാതിരുന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. യഷിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

